കൂളായി ഡയലോഗ് പറഞ്ഞ് സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ച മാമുക്കോയ
നിഷ്ക്കളങ്കമായ ചിരിയുള്ള ആ കോഴിക്കോടുകാരനെ എങ്ങനെയാണ് മലയാളിക്ക് മറക്കാനാവുക
കോഴിക്കോട്: ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ മലയാളികളുടെ നെഞ്ചിനെ നെരിപ്പോടാക്കി മാമുക്കോയ വിട പറഞ്ഞു. ഗഫൂര്‍ക്കയും കായിക്കയും പോക്കറും അബൂബക്കറും കീലേരി അച്ചുവും ഓര്‍മകളില്‍ ഇങ്ങനെ ചിരിപ്പിച്ചു കൊണ്ട് കയറിയിറങ്ങി പോകുമ്പോള്‍ മാമുക്കോയക്ക് എങ്ങനെയാണ് മരണമുണ്ടാവുക. നിഷ്ക്കളങ്കമായ ചിരിയുള്ള ആ കോഴിക്കോടുകാരനെ എങ്ങനെയാണ് മലയാളിക്ക് മറക്കാനാവുക.
നാടകത്തിലൂടെയായിരുന്നു മുഹമ്മദ് എന്ന മാമുക്കോയ സിനിമയിലെത്തിയത്. കോഴിക്കോടുകാരനായ കുതിരവട്ടം പപ്പുവിനെ പിന്നാലെ എത്തിയ മറ്റൊരു കോഴിക്കോടുകാരനും ചുരുങ്ങിയ നാള്‍ കൊണ്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയില്‍ എത്തിയതെങ്കിലും സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് മാമുക്കോയ കയ്യടി നേടിയത്. അദ്ദേഹം സിനിമയിലെത്തിയതിനെക്കുറിച്ച് സത്യന്‍ തന്നെ തന്‍റെ ഓര്‍മക്കുറിപ്പുകളിലൂടെ രസകരമായി പറഞ്ഞിട്ടുണ്ട്.
''ഒരു ദിവസം ഷൂട്ടിങ് സ്ഥലത്ത് അദ്ദേഹത്തെ കാണാൻ ഒരാളെത്തി. മെലിഞ്ഞുണങ്ങി , പല്ലുന്തി , വിയർത്തു കുളിച്ചു ഒട്ടും ആകർഷണീയതയില്ലാത്ത ഒരാൾ. ഒട്ടൊരു ധാർഷ്ട്യത്തോടെ " ഞാൻ ശ്രീനിവാസൻ പറഞ്ഞിട്ട് വന്നതാണ്, നിങ്ങളുടെ സിനിമയിൽ ഞാൻ അഭിനയിക്കണോ ? " എന്നാണ് അയാൾ ആദ്യം തന്നെ അദ്ദേഹത്തോട് ചോദിച്ചത്. ആ ചോദ്യത്തിലെ അഹങ്കാരം സത്യൻ അന്തിക്കാടിനെ ചെറുതായി ചൊടിപ്പിച്ചു. ഈ ചിത്രത്തിൽ റോളില്ല എന്ന് പറഞ്ഞു അദ്ദേഹം പുതുമുഖത്തെ മടക്കി. മാമു പോയി അഞ്ചു മിനിറ്റു കഴിയുന്നതിനു മുമ്പ് ശ്രീനിവാസൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ഒരാളല്ലാത്തതു കൊണ്ടല്ലേ മാമുവിനെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞു ശ്രീനിവാസൻ ദേഷ്യപ്പെട്ടു. വെളുത്തു ചുവന്ന മുഖങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെ എന്നും എതിർത്തിരുന്ന ഒരു വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ. എന്തായാലും കുറെ വാദ പ്രതിവാദങ്ങൾക്കു ശേഷം മാമുവിനെ ഒന്ന് പരീക്ഷിക്കാൻ സത്യൻ തീരുമാനിച്ചു. ആദ്യ ഷോട്ടിന് മാമു തയ്യാറായി. ഇയാൾ ഇത് കുളമാക്കും, കുറെ ഫിലിം ഇന്ന് തിന്നും എന്നൊക്കെ പ്രതീക്ഷിച്ചു മൊത്തം യൂണിറ്റും കാത്തിരുന്നു. പക്ഷെ അവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഒരു പുതുമുഖത്തിന്‍റെ ഒരു വിറയലുമില്ലാതെ ആ പുതുമുഖം പുല്ലു പോലെ ആ സീൻ അഭിനയിച്ചു കാണിച്ചു. അതും അന്ന് തിളങ്ങി നിന്നിരുന്ന ഒരു താരത്തിന്റെയും അഭിനയരീതികളുടെ ഒരു ലാഞ്ചന പോലുമില്ലാതെ. ഒടുവിൽ ആ കഥാപാത്രത്തെ സത്യൻ അന്തിക്കാട് കുറച്ചു കൂടി വലുതാക്കി, മാമുക്കോയ ഭംഗിയായി അതവതരിപ്പിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് സത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. അതുപോലെ പ്രിയദര്‍ശന്‍റെയും ഇഷ്ടനടനായ താരം ഭൂരിഭാഗം പ്രിയന്‍ സിനിമകളിലെയും ഒഴിവാക്കാനാവാത്ത ഒരാളായിരുന്നു. സിനിമയെക്കാള്‍ ഹിറ്റായ മാമുക്കോയയുടെ കഥാപാത്രങ്ങളുണ്ട്. ഡയലോഗുകളും. ഇന്നും തലമുറകള്‍ ആഘോഷിക്കുന്ന ഡയലോഗുകള്‍..
ഓര്‍മക്കുറിപ്പിന് കടപ്പാട്: സനൂജ് സുശീലന്‍