പ്രൊഫസർ ജെ ദേവികയെ വനിതാ കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന് റിമ കല്ലിങ്കൽ
വിമന്‍ ഓഫ് ഡിഫറന്‍റ് വേള്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവെച്ച വീഡിയോ ആണ് റിമ സ്റ്റാറ്റസാക്കിയത്.
എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യവിമർശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസർ ജെ ദേവികയെ വനിതാ കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന ആവശ്യവുമായി നടി റിമ കല്ലിങ്കൽ. ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് റിമ തന്‍റെ ആവശ്യം അറിയിച്ചത്. വിമന്‍ ഓഫ് ഡിഫറന്‍റ് വേള്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവെച്ച വീഡിയോ ആണ് റിമ സ്റ്റാറ്റസാക്കിയത്. ഈ പേജില്‍ ക്യാമ്പയിന്‍ രൂപത്തില്‍ തുടര്‍ച്ചയായി തന്നെ ജെ ദേവികയെ വനിത കമ്മീഷന്‍ അധ്യക്ഷയാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്.
അതെ സമയം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതി, മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്നത്. സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം നിലനില്‍ക്കുന്നതുകൊണ്ട് വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം അധികകാലം ഒഴിച്ചിടേണ്ടതില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ പേരിനാണ് മുന്‍തൂക്കം. സംസ്ഥാന സമിതിയംഗങ്ങളായ ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍ സീമ, സി.എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്. നിലവിലെ കമ്മീഷനംഗം ഷാഹിദ കമാലിനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്.
മുഴുവന്‍ സമയ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി തീരുമാനമെടുക്കാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. മുന്‍പ് ജസ്റ്റിസ് ഡി ശ്രീദേവിയെ നിയോഗിച്ചതു പോലെ നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ളവരെ കണ്ടെത്താനും നീക്കങ്ങളുണ്ട്. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. അതിനുമുന്‍പ് വിവിധ തലത്തിലുള്ള കൂടിയാലോചനകളിലൂടെ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കും.