ഞാന്‍ ഇടതുപക്ഷക്കാരന്‍, ഇന്ന് ഇതൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്: സെയ്ഫ് അലി ഖാന്‍
'വ്യാജ ഏറ്റുമുട്ടൽ ഭയാനകമാണ്. ഇത് പൂർണമായും നിയമവിരുദ്ധമാണെന്ന് ഉറപ്പുണ്ട്'
താന്‍ ഇടതുപക്ഷ ചായ്‍വുള്ള വ്യക്തിയാണെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍. ലിബറലും വിശാലമായ ചിന്താഗതിയുള്ളയാളുമാണ്. ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയാമോ എന്നറിയില്ലെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ വിക്രം വേദയുടെ റിലീസിനോട് അനുബന്ധിച്ചായിരുന്നു സെയ്ഫ് അലി ഖാന്‍റെ പ്രതികരണം.
വിക്രം വേദ എന്ന സിനിമയിലെ തന്‍റെ കഥാപാത്രത്തിന്‍റെ ചിന്തകളോടും തത്വങ്ങളോടും യോജിപ്പില്ലെന്നും സെയ്ഫ് പറഞ്ഞു. സിനിമയില്‍ സെയ്ഫ് ഏറ്റുമുട്ടൽ സ്പെഷ്യലിസ്റ്റായ വിക്രം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ ഏറ്റുമുട്ടലുകൾ കാണുമ്പോൾ പോലും അസ്വസ്ഥനാകാറുണ്ടെന്ന് സെയ്ഫ് പറഞ്ഞു. ഋത്വിക് റോഷൻ വേദ എന്ന ഗ്യാങ്സ്റ്ററായും എത്തുന്നു.
"സിനിമയുടെ പ്രമേയം നോക്കുകയാണെങ്കില്‍, മാഫിയകളെ നിയന്ത്രിക്കാനാകാത്ത ഒരു സാഹചര്യമുണ്ടാകുന്നു. പ്രതികളെ പൊലീസ് വെടിവെച്ചു കൊല്ലുകയാണ്. ഈ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ശരിക്കും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നോ, അതോ അയാളെ കൊല്ലുകയായിരുന്നോ എന്നൊന്നും എവിടെയും പറയുന്നില്ല. വ്യാജ ഏറ്റുമുട്ടൽ ഭയാനകമാണ്. ഇത് പൂർണമായും നിയമവിരുദ്ധമാണെന്ന് ഉറപ്പുണ്ട്. ഇത് സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ താനൊരു നല്ല വ്യക്തിയാണെന്ന് കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം അത് ചെയ്യേണ്ടതാണെന്ന് അദ്ദേഹം കരുതുന്നു"- സെയ്ഫ് പറഞ്ഞു.
കഥാപാത്രത്തിൽ നിന്ന് എങ്ങനെ തികച്ചും വ്യത്യസ്തനാണ് താനെന്ന് സെയ്ഫ് വിശദീകരിച്ചു- "ഞാന്‍ ഇടതുപക്ഷക്കാരനാണ്. എനിക്കറിയില്ല, ഒരുപക്ഷേ ഞാൻ ഇന്ന് ഈ കാര്യങ്ങൾ പറയാൻ പാടില്ല. പക്ഷേ അതെ, ഞാൻ ലിബറലാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു. എന്‍റെ കഥാപാത്രം ചെയ്യുന്നതുപോലെ കുറ്റവാളിയെന്ന് സംശയിക്കുന്നതു കൊണ്ടുമാത്രം വധിക്കുന്നതിനെ ഞാന്‍ അംഗീകരിക്കുന്നില്ല".
മാധവനും വിജയ് സേതുപതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമായ വിക്രം വേദയുടെ റിമേക്കിലാണ് സെയ്ഫും ഋത്വികും അഭിനയിക്കുന്നത്. സെയ്ഫിനെയും ഋത്വികിനെയും കൂടാതെ രാധിക ആപ്‌തെ, രോഹിത് സറഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് സിനിമ സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും ചേർന്നാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഗുൽഷൻ കുമാർ, ടി-സീരീസ് ഫിലിംസ്, റിലയൻസ് എന്റർടൈൻമെന്റ് എന്നിവർ ഫ്രൈഡേ ഫിലിം വർക്ക്സ്, വൈനോട്ട് സ്റ്റുഡിയോ പ്രൊഡക്ഷൻ എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിര്‍മിച്ചത്.