എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതില്‍ ഞാനിന്ന് ഖേദിക്കുന്നു; കുറ്റസമ്മതം നടത്തി സാമന്ത

പുതിയ എപ്പിസോഡ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു ഉപയോക്താവ് പോഡ്കാസ്റ്റിനെതിരെ രംഗത്തെത്തിയത്

Update: 2024-07-01 09:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് സാമന്ത. നടിയുടെ പോഡ്‍കാസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. നിരവധി ഫോളോവേഴ്സും പോഡ്കാസ്റ്റിനുണ്ട്. ആരോഗ്യ സംബന്ധമായ അറിവുകള്‍, ലൈഫ് കോച്ചിങ്, വ്യായാമം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകാറുള്ളത്. ഇപ്പോള്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

പുതിയ എപ്പിസോഡ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു ഉപയോക്താവ് പോഡ്കാസ്റ്റിനെതിരെ രംഗത്തെത്തിയത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയത്. കമന്‍റ് ശ്രദ്ധയില്‍ പെട്ട സാമന്ത ഇതിനെ ന്യായീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. '' ശരിയായ ധാരണയില്ലാത്ത സമയത്ത് എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാലിപ്പോള്‍ ഇത്തരം ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു.” സാമന്ത കുറിച്ചു.

നേരത്തെയും നടിയുടെ പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പോഡ്‍കാസ്റ്റിലൂടെ അശാസ്ത്രീയ വിവരങ്ങൾ പങ്കുവെച്ച് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ആരോപണം. ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പോഡ്‍കാസ്റ്റിൽ നടി അതിഥികളായി ക്ഷണിക്കുന്നത്. ഇത്തരത്തിൽ അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തി അതിഥിയായെത്തിയ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡാണ് വിവാദങ്ങൾക്ക് കാരണമായത്. കരളിനെ ശുദ്ധീകരിക്കുന്നതിനേക്കുറിച്ചാണ് അൽക്കേഷ് പോഡ്‍കാസ്റ്റിൽ സംസാരിച്ചത്. ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിച്ചാൽ കരളിലെ വിഷാംശം നീങ്ങുമെന്നും ഇയാൾ പറഞ്ഞു. ഇതിനെതിരെയാണ് മലയാളിയായ കരള്‍രോഗ വിദഗ്ധന്‍ സിറിയാക് അബ്ബി ഫിലിപ്പ് രംഗത്തുവന്നത്. 'ദ ലിവര്‍ ഡോക്' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

'വെല്‍നസ് കോച്ച് പെര്‍ഫോമന്‍സ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ചികിത്സയ്ക്കാന്‍ പച്ചമരുന്ന് മതി എന്നത് അടക്കം തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്' എന്നാണ് വിമർശനം. വെല്‍നസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ശരിക്കും ഒരു മെഡിക്കല്‍ വിദ​ഗ്ധൻ അല്ല. അത് മാത്രമല്ല കരള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംബന്ധിച്ച് യാതൊരു അറിവുമില്ല. പരമ്പരാഗത ചികിത്സ അനുസരിച്ച് ഡാന്‍ഡെലിയോണിന് മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ കഴിയും. എന്നാല്‍ അത് സംബന്ധിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും ദ ലിവര്‍ ഡോക് എക്സിൽ കുറിച്ചിരുന്നു.

മസിലുകളില്‍ വീക്കത്തിന് കാരണമാകുന്ന മയോസിറ്റിസ് രോഗം ബാധിച്ച സാമന്ത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളതെന്നും ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News