'എം.ടി സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഡയലോഗുകൾ കേട്ടു പഠിച്ചു'; ചന്തുവാകാൻ മമ്മൂട്ടി നടത്തി പരിശ്രമം തുറന്നുപറഞ്ഞ് സത്യൻ അന്തിക്കാട്
മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി' എന്ന സിനിമയുടെ പൂജാവേളയിൽ ആശംസ പ്രസംഗം നടത്തുമ്പോഴാണ് മമ്മൂട്ടിയും മോഹൻലാലും 40 വർഷമായി സിനിമയിൽ നിൽക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്.
എം.ടി. വാസുദേവൻ നായർ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഡയലോഗുകൾ കേട്ട് പഠിച്ചാണ് മമ്മൂട്ടി വടക്കൻ വീരഗാഥയിൽ അഭിനയിച്ചതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മറിമായം ടീമിന്റെ 'പഞ്ചായത്ത് ജെട്ടി' എന്ന സിനിമയുടെ പൂജാവേളയിൽ ആശംസ പ്രസംഗം നടത്തുമ്പോഴാണ് മമ്മൂട്ടിയും മോഹൻലാലും 40 വർഷമായി സിനിമയിൽ നിൽക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്. മണികണ്ഠൻ-വിനോദ് കോവൂർ അടക്കമുള്ള താരങ്ങളെ ഫോൺ ചെയ്ത് അഭിനന്ദിച്ച് പരിചയപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിന് കാരണം സാമൂഹ്യപ്രസക്തമായ കാര്യങ്ങളെല്ലാം അതത് സമയത്ത് മറിമായം ടീം ചെയ്യുന്നതുകൊണ്ടാണ്. മറിമായം ടീം സിനിമയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ആത്മസമർപ്പണത്തോടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
''മറിമായം ടീം സിനിമയിലേക്ക് കടന്നുവരുന്നു എന്ന് കേട്ടപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. മറിമായം ടീമിന് അറിയാം ഞാൻ അവരുടെ ഒരു ആരാധകനാണ്. പലപ്പോഴും ഇതിൽ അഭിനയിക്കുന്ന മണികണ്ഠൻ അടക്കമുള്ള താരങ്ങളെ ചെറിയ തോതിലൊക്കെ സിനിമയിൽ അഭിനയിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വിനോദ് കോവൂരിനെ ഞാൻ ഫോൺ ചെയ്ത് അഭിനന്ദിച്ച് അങ്ങോട്ട് കയറി പരിചയപ്പെട്ടിട്ടുള്ളതാണ്. പലപ്പോഴും അവരുടെ പ്രകടനങ്ങൾ കാണുമ്പോൾ അതിശയിച്ചുപോകാറുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് സുപരിചിതമാണ്. സ്‌നേഹ ഒക്കെ അതിശയകരമായി അഭിനയിക്കുന്നവരാണ്. കഴിഞ്ഞ എപ്പിസോഡ് അടക്കം അതിഗംഭീരമാണ്. അപ്പോൾ അങ്ങനെയൊരു ടീം കുറച്ചുകൂടി സജീവമായി സിനിമയിലേക്ക് കടന്നുവരുന്നു എന്നത് സന്തോഷകരമാണ്.
അതിനു ഞാൻ ആദ്യം അഭിനന്ദിക്കുന്നത് നിർമാതാവ് സപ്തതരംഗിനെ ആണ്. മറിമായം ടീം തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അത് അവർ അവതരിപ്പിക്കുന്ന രീതിയുമാണ് പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്താറുള്ളത്. സന്ദേശത്തിനു ഒരു രണ്ടാം ഭാഗം ഇല്ലാത്തത് എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. 32 വർഷമായി സന്ദേശം ഇറങ്ങിയിട്ട്. പക്ഷേ ആ ധർമം മറിമായം ടീം ചെയ്യാറുണ്ട്. സാമൂഹ്യ വിഷയങ്ങളെ വിശകലനം ചെയ്തു നമുക്കൊരു സിനിമ ചെയ്യണം എന്ന് ശ്രീനിവാസനുമായി ആലോചിക്കുമ്പോഴേക്കും ഇവർ അത് ചെയ്തിരിക്കും. എല്ലാ വിജയത്തിന് പിന്നിലും ശക്തമായ ഒരു സമർപ്പണം വേണം. ഓരോ എപ്പിസോഡും ഓരോ സിനിമയും ആദ്യത്തെതാണെന്നുള്ള രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. അത് മണികണ്ഠനും സലീമിനും അറിയാം അങ്ങനെ തന്നെ ചെയ്യണം എന്ന്. എല്ലാ വിജയത്തിന് പിന്നിലും കഠിനമായ പ്രയത്‌നമുണ്ട്.
എന്നെ ക്ഷണിക്കാൻ വന്ന ഇവരോട് ഞാൻ പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലും വെറുതെയല്ല 40 കൊല്ലം കഴിഞ്ഞും ഇവിടെ നിൽക്കുന്നത് അവർക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാർഥതയും കൊണ്ടാണ്. മമ്മൂട്ടി ഇപ്പൊ ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാൻ പറയാം. ഞാനും മമ്മൂട്ടിയും കൂടി 'വടക്കൻ വീരഗാഥ' എന്ന സിനിമ തുടങ്ങുന്നതിനു മുമ്പ് എറണാകുളത്തു നിന്നും തൃശൂർക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്. ഞാൻ ഒരു ടാക്‌സി പിടിക്കാൻ നിൽകുമ്പോൾ പുള്ളി പറഞ്ഞു ഞാൻ ആ വഴിക്കാണ് ഞാൻ നിങ്ങളെ വിടാം. ഞങ്ങൾ രണ്ടാളും കാറിൽ പോകുമ്പോൾ പുള്ളി പറഞ്ഞു ''ഞാൻ എംടി യുടെ ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്. ഞാൻ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവൻ റെക്കോർഡ് ചെയ്യിച്ചു. എന്നിട്ട് അത് കാസറ്റിൽ ഇട്ടു. ഞാൻ യാത്ര ചെയ്യുമ്പോൾ അത് കേട്ട് പഠിക്കും'' വടക്കൻ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുമ്പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ഡയലോഗ് പറഞ്ഞു പഠിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 'ഇരുമ്പാണി തട്ടി മുളയാണി..' എന്നൊക്കെയുള്ള എം.ടിയുടെ ഡയലോഗ്.
അപ്പോൾ അത്തരം നിശബ്ദമായ പഠനങ്ങളിലൂടെയാണ് ഇവരൊക്കെ വലിയ ആൾക്കാരായിട്ടുള്ളത്. മറിമായത്തിലെ എല്ലാവരും നന്നായി പരിശ്രമിക്കുന്നവരാണെന്ന് എനിക്കറിയാം. ഈ സിനിമ ഒരു വലിയ വിജയമാകട്ടെ. മലയാളത്തിൽ ഈ സിനിമ വലിയൊരു തരംഗമാകട്ടെ എന്ന് ആശംസിക്കുന്നു.''- സത്യൻ അന്തിക്കാട് പറഞ്ഞു.
ഹിറ്റ് പരമ്പരയായ മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. നടൻ സലിം കുമാർ ഒരു ചെറിയ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മറിമായത്തിലെ സലിം ഹസൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, മണി ഷൊർണൂർ, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്‌നേഹാ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ എന്നിവരാണ് പഞ്ചായത്ത് ജെട്ടിയിൽ അഭിനയിക്കുന്നത്.
പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം, പുലിവാൽ കല്യാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തതരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.