'പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു'; സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിന് പേരായി

സത്യന്‍ അന്തിക്കാടിന്‍റെ മുന്‍ ചിത്രങ്ങളിലേതു പോലെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പേര് പ്രഖ്യാപനം

Update: 2021-12-12 06:47 GMT
Editor : ijas
Advertising

ജയറാമും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിലെത്തുന്ന സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തിന് 'മകള്‍' എന്ന പേരിട്ടു. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത്. സത്യന്‍ അന്തിക്കാടിന്‍റെ മുന്‍ ചിത്രങ്ങളിലേതു പോലെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പേര് പ്രഖ്യാപനം.

സത്യന്‍ അന്തിക്കാടിന്‍റെ തന്നെ മുന്‍ ചിത്രങ്ങളായ 'ഒരു ഇന്ത്യൻ പ്രണയകഥ', 'കുടുംബപുരാണം', 'കളിക്കളം' എന്നിവ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' മകളിന്‍റെയും നിർമ്മാതാക്കൾ. ഞാൻ പ്രകാശനില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ദേവിക സഞ്ജയും പുതിയ ചിത്രത്തിന്‍റെ ഭാഗമാണ്. മ്യാവു എന്ന സിനിമക്ക് ശേഷം ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'മകള്‍'. എസ്.കുമാറിന്‍റേതാണ് ഛായാഗ്രഹണം. ചിത്രം തിയറ്ററുകളില്‍ തന്നെ പുറത്തിറങ്ങുമെന്ന് സത്യന്‍ അന്തിക്കാട് അറിയിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.

ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.

"മകൾ".

അത് നിങ്ങളുമായി പങ്കു വക്കുന്നു.

'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകൾ' നിങ്ങൾക്കു മുമ്പിലെത്തും.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News