അക്ഷയ്‌യും സൽമാനും നിരസിച്ചു; ബാസിഗറിൽ ഷാരൂഖ് അഭിനയിച്ചത് ഒരു നിബന്ധന വെച്ചെന്ന് തിരക്കഥാകൃത്ത്

ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ബാസിഗർ ഷാരൂഖ് ഖാന്റെ കരിയർ തന്നെ മാറ്റിമറിച്ചിരുന്നു

Update: 2025-04-27 08:54 GMT
Editor : സനു ഹദീബ | By : Web Desk

മുംബൈ: ഷാരൂഖ് ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ബാസിഗർ. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് രണ്ടാം വർഷമാണ് ഷാരൂഖ് ബാസിഗർ ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം ഷാരൂഖ് ഖാന്റെ കരിയർ തന്നെ മാറ്റിമറിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തെരഞ്ഞെടുത്തത് ഷാരൂഖിനെ ആയിരുന്നില്ലെന്നാണ് ഇപ്പോൾ തിരക്കഥാകൃത്ത് റോബിൻ ഭട്ട് വെളിപ്പെടുന്നത്.

അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത ബാസിഗർ 1993 ലാണ് പുറത്തിറങ്ങിയത്. 'എ കിസ് ബിഫോർ ഡൈയിംഗ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ബാസിഗർ. ചിത്രത്തിനായി ആദ്യം അക്ഷയ് കുമാറിനെയാണ് സംവിധായകർ സമീപിച്ചത്. എന്നാൽ അക്ഷയ് കുമാർ അത് നിരസിച്ചു. പിന്നാലെ സൽമാൻ ഖാനോട് കഥ പറഞ്ഞെങ്കിലും അദ്ദേഹവും ചിത്രത്തിന്റെ ഭാഗമാവാൻ തയ്യാറായില്ല. അക്കാലത്തെ നായക സങ്കൽപ്പങ്ങൾക്ക് എതിരായ കഥാപാത്രമായിരുന്നു ബാസിഗറിലേത്. അതിനാൽ കാസ്റ്റിംഗ് പ്രതിസന്ധി വന്നപ്പോഴാണ് ഷാരൂഖ് ഖാന്റെ അടുത്ത് എത്തിയത്. ഒന്നാം പകുതി കേട്ടപ്പോൾ തന്നെ സിനിമ ചെയ്യാൻ ഷാരൂഖ് സന്തോഷത്തോടെ സമ്മതിച്ചുവെന്നും റോബിൻ ഭട്ട് പറഞ്ഞു. 

എന്നാൽ ഷാരൂഖിന് ഒരു നിബന്ധനയുണ്ടായിരുന്നു. തിരക്കഥ അതേപടി നിലനിർത്തിയാൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കുകയുള്ളു എന്നായിരുന്നു അത്. കഥാപാത്രത്തെ ന്യായീകരിക്കാനോ കൂടുതൽ ദുഷ്ടനാക്കാനോ പാടില്ല എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് ഫ്രൈഡേ ടാക്കീസിന് നൽകിയ അഭിമുഖത്തിൽ റോബിൻ ഭട്ട് ഓർത്തെടുക്കുന്നു. ചിത്രത്തിൽ കജോൾ, ശിൽപ ഷെട്ടി എന്നിവരും വേഷമിട്ടിട്ടുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News