'ജവാന്' അനുഗ്രഹം തേടി ഷാരൂഖ് ഖാൻ തിരുപ്പതിയിൽ; കൂട്ടിന് നയൻതാരയും
അഡ്വാൻസ് ബുക്കിങ്ങിലൂടെ 'ജവാൻ' ഇതിനകം തന്നെ 21.14 കോടി നേടിയതായാണ് റിപ്പോർട്ട്
അമരാവതി: പുതിയ ചിത്രം 'ജവാൻ' റിലീസിനു മുന്നോടിയായി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മകൾ സുഹാനയ്ക്കും ചിത്രത്തിൽ നായികയായ നയൻതാരയ്ക്കുമൊപ്പമാണ് അദ്ദേഹം ആന്ധ്രയിലെ തിരുപ്പതിയിലുള്ള ശ്രീവെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെത്തിയത്. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും കൂടെയുണ്ടായിരുന്നു.
വ്യാഴാഴ്ചയാണ് ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ജവാന്റെ' റിലീസ്. ഇതിനു മുന്നോടിയായാണ് അനുഗ്രഹം തേടി താരങ്ങൾ ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രത്തിലെത്തിയത്. മാനേജർ പൂജ ദദ്‌ലാനിയും ഷാരൂഖ് ഖാനെ അനുഗമിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുമുൻപ് ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രവും സന്ദർശിച്ചിരുന്നു താരം.
ആറ്റ്‌ലി കുമാർ സംവിധാനം ചെയ്യുന്ന ജവാൻ ഹിന്ദി കൂടാതെ തമിഴ്, തെലുഗ് ഭാഷകളിലും റിലീസ് ചെയ്യും. ഇതിനിടെ പ്രീ- ബുക്കിങ്ങിൽ റെക്കോർഡിട്ടിരിക്കുകയാണു ചിത്രം. വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം ഏഴു ലക്ഷത്തിലേറെ ടിക്കറ്റുകളാണു വിറ്റുപോയത്. 24 മണിക്കൂറിനുള്ളിൽ മാത്രം 3,00,454 ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 21.14 കോടി നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഹിന്ദിയിൽ 6,75,000ഉം തമിഴിൽ 28,000ഉം തെലുഗിൽ 24,000ഉം ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. സൽമാൻ ഖാന്റെ 'കിസി ക ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ് റെക്കോർഡും ചിത്രം ഉടൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഷാരൂഖ് ഖാൻ ചിത്രമായ പഠാന്റെ അഡ്വാൻസ് ബുക്കിങ് 32 കോടിയായിരുന്നു.
Summary: Shah Rukh Khan visits Tirupati temple with daughter Suhana, Jawan co-star Nayanthara