ബഹിഷ്‌കരിച്ചവരെവിടെ? 'പഠാൻ' ആദ്യദിനം വാരിക്കൂട്ടിയത് 100 കോടി; ബോളിവുഡിൽ ഇതാദ്യം
ഇന്ത്യയിലെ തീയറ്ററുകളിൽ നിന്ന് മാത്രം 57 കോടിയിലേറെ നേടിയതായി ബോളിവുഡ് സിനിമാ അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു
റീലീസ് ചെയ്ത് ആദ്യം ദിനം ബോക്‌സോഫീസിൽ എക്കാലത്തേയും വലിയ റെക്കോർഡ് സൃഷ്ടിച്ച് 'പഠാൻ'. ആഗോളതലത്തിൽ ആദ്യദിനം തന്നെ 100 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രം ആദ്യദിനം 100 കോടി കളക്ഷൻ നേടുന്നത്.
ഇന്ത്യയിലെ തീയറ്ററുകളിൽ നിന്ന് മാത്രം 57 കോടിയിലേറെ നേടിയതായി ബോളിവുഡ് സിനിമാ അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിനം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 100 കോടിയിലേറെ രൂപയുടെ കളക്ഷൻ ലഭിക്കുമെന്ന് പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് പറഞ്ഞു.
ആഘോഷത്തിമിർപ്പിനിടെ ചിത്രം ഇന്നലെ അർധരാത്രി 12.30നും ഇന്ത്യയിലെ വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരുഖ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരിൽ സംഘപരിവാർ പ്രവർത്തകർ ബഹിഷ്‌കരണാഹ്വാനങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് ആദ്യ ദിനത്തിലെ കളക്ഷനുകൾ വ്യക്തമാക്കുന്നത്.
യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.