'ആര്യന്‍ തിരിച്ചുവരുംവരെ മന്നത്തില്‍ മധുരം വേണ്ട'; ജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കി ഗൗരി ഖാന്‍

നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും.

Update: 2021-10-20 07:40 GMT
Advertising

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാന്‍ തിരിച്ചെത്തും വരെ ഷാരൂഖ് ഖാന്റെ വസതിയായ 'മന്നത്തി'ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍റെ നിര്‍ദേശം. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ഖീര്‍ പാകം ചെയ്തതോടെയാണ് ജോലിക്കാര്‍ക്ക് ഗൗരിയുടെ പുതിയ നിര്‍ദേശമെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.  

മകന്‍ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുന്നതായും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞു കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, നിലവിലെ സാഹചര്യത്തില്‍ തന്‍റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഷാറൂഖ് ഖാന്‍ സുഹൃത്തുക്കളെ വിലക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നു. 

നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. അഡീഷണൽ സെഷൻ ജഡ്ജ് വിവി പാട്ടീലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളായ നുപൂർ സതിജ, മുൺമുൺ ധമേച്ച എന്നിവരുടെ ഹരജികളും ഇന്ന് പരിഗണിക്കുന്നുണ്ട്.

അതിനിടെ, ആഡംബരക്കപ്പലിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിൽ ബോളിവുഡിലെ പുതുമുഖ നടിയുമായി ആര്യൻ നടത്തിയ ചാറ്റുമുണ്ടെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്.

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യന് വ്യക്തമായ ബന്ധമുണ്ടെന്ന നിലപാടിലാണ് എൻ.സി.ബി. അന്വേഷണത്തിനിടെ ഇത് ബോധ്യമായെന്നും കേസിൽ അറസ്റ്റിലായ അർബാസ് മർച്ചന്റിൽ നിന്നാണ് ആര്യൻ നിരോധിത ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത് എന്നും എന്‍.സി.ബി പറയുന്നു. അർബാസിൽ നിന്ന് നേരത്തെ ആറു ഗ്രാം വരുന്ന ചരസ്സ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു.

ഒക്ടോബർ മൂന്നിന് മുംബൈ തീരത്ത് കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ എൻ.സി.ബിയുടെ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എം.ഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ എം.ഡി.എം.എ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എൻ.സി.ബി സംഘം കോടതിയെ അറിയിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News