യുകെയിലെ ഷോപ്പിംഗിനിടെ തക്കാളി വിലയെ ട്രോളിയ ശില്‍പ ഷെട്ടിയെ ട്രോളി സോഷ്യല്‍മീഡിയ
ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തക്കാളി വാങ്ങുന്ന വീഡിയോയാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്
ലണ്ടന്‍: പിടിതരാത്ത വിധം തക്കാളി വില ഇങ്ങനെ കുതിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ വിലക്കയറ്റത്തില്‍ വലയുകയാണ്. സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ തക്കാളിയുടെ പൊള്ളുന്ന വിലക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ തക്കാളിയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യുകെയില്‍ ഷോപ്പിംഗ് നടത്തുന്നിനിടെ തക്കാളി വിലക്കയറ്റത്തെക്കുറിച്ച് സംസാരിച്ച ശില്‍പക്ക് ട്രോളോട് ട്രോളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തക്കാളി വാങ്ങുന്ന വീഡിയോയാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഓരോ തവണയും തക്കാളി എടുക്കാൻ ശ്രമിക്കുമ്പോൾ, താരത്തിന്‍റെ 2000-ൽ പുറത്തിറങ്ങിയ ധഡ്കൻ എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ് കേള്‍ക്കുന്നത്. ''എന്നെ തൊടാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. നിനക്ക് എന്നെ തൊടാൻ അവകാശമില്ല'' എന്നാണ് ഡയലോഗ്. ഇതു കേട്ട് ആശയക്കുഴപ്പത്തിലായ ശില്‍പ എടുത്ത തക്കാളി റാക്കിലേക്ക് വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.
11 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഒപ്പം ശില്‍പയെ പരിഹസിച്ച് നിരവധി കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. യുകെയില്‍ ഷോപ്പിംഗ് നടത്തുമ്പോഴാണ് ഇന്ത്യയിലെ തക്കാളി വിലയെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. ബ്രിട്ടീഷ് ഗ്രോസറി ശൃംഖലയായ ടെസ്കോയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും നെറ്റിസണ്‍സ് കണ്ടെത്തി. വിലക്കയറ്റം സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും താങ്കളെപ്പോലുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും തക്കാളി വാങ്ങാമെന്നും ചിലര്‍ കമന്‍റ് ചെയ്തു.
ഈയിടെ നടന്‍ സുനില്‍ ഷെട്ടിയും തക്കാളിയുടെ വിലക്കയറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു. തക്കാളി വില വര്‍ധനവ് തന്‍റെ അടുക്കളയെയും ബാധിച്ചെന്നാണ് ഹോട്ടലുടമ കൂടിയായ നടന്‍ പറഞ്ഞത്. “എന്‍റെ ഭാര്യ മന ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പച്ചക്കറികൾ മാത്രമേ വാങ്ങാറുള്ളൂ. ഫ്രഷായിട്ടുള്ള പച്ചക്കറികള്‍ കഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഈ ദിവസങ്ങളിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്, ഇത് നമ്മുടെ അടുക്കളയെയും ബാധിച്ചു.ഈ ദിവസങ്ങളിൽ ഞാൻ തക്കാളി കഴിക്കുന്നത് കുറവാണ്. ഞാനൊരു സൂപ്പർ സ്റ്റാറായതിനാൽ ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് ആളുകൾ ചിന്തിച്ചേക്കാം. എന്നാൽ അത് ശരിയല്ല, അത്തരം പ്രശ്നങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യണം'' സുനില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്‍റെ പ്രസ്താവന വിവാദമായതോടെ മാപ്പ് പറയുകയും ചെയ്തു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നാണ് സുനിൽ ഷെട്ടി പറഞ്ഞത്. കർഷകരെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും അവരേക്കുറിച്ച് മോശമായി എന്തെങ്കിലും ചിന്തിക്കുകപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണയോടെ താൻ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. നമ്മുടെ കർഷകർക്ക് എപ്പോഴും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. കർഷകർ തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ഷെട്ടി പറഞ്ഞിരുന്നു.