സീതാരാമം ഷോ; ആരാധക സ്‌നേഹത്തിൽ കുടുങ്ങി ദുൽഖർ
ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം
സീതാരാമം സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ആരാധകർക്കിടയിൽ കുടുങ്ങി നടൻ ദുൽഖർ സൽമാനും നടി മൃണാൽ താക്കൂറും. ഹൈദരാബാദിലെ പ്രസാദ്‌സ് മൾട്ടിപ്ലക്‌സിൽ ആദ്യ ഷോ കണ്ട് ഇറങ്ങിയ ശേഷമാണ് ദുൽഖർ ആരാധകർക്കിയിൽപ്പെട്ടത്. സുരക്ഷാ ഗാർഡുകൾ പണിപ്പെട്ടാണ് മൃണാളിനെയും ദുൽഖറിനെയും വാഹനത്തിലെത്തിച്ചത്.
ആദ്യ ഷോക്ക് ശേഷം വികാരാധീനരായി ദുൽഖറും മൃണാലും സംവിധായകൻ ഹനുരാഘവപുടിയെ ആലിംഗനം ചെയ്യുകയും ചെയ്തു. താരങ്ങളെ കാണാനായി നിരവധി ആരാധകരാണ് തിയേറ്ററിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം.
അഞ്ചിൽ 3.25 സ്‌കോറാണ് തെലുങ്ക് സിനിമാ മാധ്യമമായ തെലുഗ്360 ഡോട് കോം സിനിമയ്ക്ക് നൽകിയിട്ടുള്ളത്. ക്ലാസിക് ചിത്രം റോജയോടാണ് സീതാരാമത്തെ വെബ്‌സൈറ്റ് ഉപമിച്ചത്. ലഫ്റ്റനന്റ് റാമായി ദുൽഖറും സീതാമഹാലക്ഷ്മിയായി മൃണാലും അഫ്രീനായി രശ്മികയും തകർത്തഭിനയിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ കഥ, മനോഹരമായ ഗാനങ്ങൾ, ദുൽഖർ-മൃണാൽ കെമിസ്ട്രി, വൈകാരിക രംഗങ്ങൾ, ഉയർന്ന നിലവാരമുള്ള പ്രൊഡക്ഷൻ എന്നിവയാണ് സിനിമയുടെ പ്ലസുകൾ. ആദ്യ മുപ്പത് മിനിറ്റിലെ സാധാരണത്വം, അവിടെയും ഇവിടെയുമായുള്ള മെല്ലെപ്പോക്ക് എന്നിവയാണ് സിനിമയുടെ നെഗറ്റീവുകളെന്നും തെലുങ്ക് മാധ്യമം എഴുതി.
മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് സിനിമയാണ് സീതാരാമം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്.
വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.