പ്രചരിക്കുന്നത് അർജന്റീനയിലെ ചിത്രം: ബ്രഹ്‌മാസ്ത്രക്ക് ആളുണ്ട്, കളക്ഷനും
ആദ്യം ബഹിഷ്‌കരണ ക്യാമ്പയിനുകൾ സജീവമാക്കി, എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്ന് കണ്ടപ്പോൾ ഒഴിഞ്ഞ തിയേറ്റർ സീറ്റുകൾ പ്രചരിപ്പിക്കുകയാണ്
മുംബൈ: പഠിച്ച പതിനെട്ടും പയറ്റുകയാണ് ചിലർ 'ബ്രഹ്‌മാസ്ത്ര'യെ തോൽപിക്കാൻ. ആദ്യം ബഹിഷ്‌കരണ ക്യാമ്പയിനുകൾ സജീവമാക്കി, എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്ന് കണ്ടപ്പോൾ ഒഴിഞ്ഞ തിയേറ്റർ സീറ്റുകൾ പ്രചരിപ്പിക്കുകയാണ്. ബ്രഹ്‌മാസ്ത്രക്ക് ആളില്ലെന്നും ചിത്രം പരാജയമാണെന്നുമൊക്കെയാണ് അർജന്റീനയിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരുകൂട്ടർ പ്രചരിപ്പിക്കുന്നത്.
തിയേറ്ററിനുള്ളിൽ ഒരാൾ മാത്രം ഇരിക്കുന്നതാണ് ചിത്രം. പത്ത് വരിസീറ്റുകൾക്കപ്പുറം ഏതാനും പേർ നിൽക്കുന്നുമുണ്ട്. ചിത്രം ബഹിഷ്‌കരിക്കണമെന്നും ഇപ്പോൾ തന്നെ തിയറ്ററിൽ ആളില്ലെന്നുമൊക്കെയാണ് ഈ ചിത്രം പങ്കുവെച്ച് കൊണ്ട് ചിലർ പ്രചരിപ്പിച്ചത്. കാലിയായ ഈ തിയറ്റർ ബ്രഹ്‌മാസ്ത്ര പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ നിന്ന് അല്ലെന്നും അർജന്റീനയിലെ വർഷങ്ങൾക്ക് മുമ്പുള്ള ചിത്രമാണിതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗൂഗിളിന്റെ സഹായത്തോടെ വെരിഫൈ ചെയ്തപ്പോൾ ഇതെ ചിത്രം ദ പ്രിന്റ് പോർട്ടൽ 2021ൽ ഉപയോഗിച്ചിട്ടുണ്ട്.
അപ്പോൾ തന്നെ മനസിലായി ചിത്രം പുതിയതല്ലെന്ന്. തിയേറ്ററുകളിൽ ആള് വരാത്തതുമായി ബന്ധപ്പെട്ട വാർത്തക്കാണ് പ്രിന്റ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ എവിടെ നിന്ന് എന്ന് പറയുന്നില്ല. മറ്റൊരു കണ്ടെത്തലിലാണ് ചിത്രം അർജന്റീനയിൽ നിന്നുള്ളതാണെന്ന് മനസിലായത്. അതേസമയം വിദ്വേഷ ക്യാമ്പയിനുകൾക്കിടയിലും രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബോക്‌സ്ഓഫീസിൽ നിന്ന് പണം വാരുകയാണ്. ചിത്രം ഇതുവരെ 160 കോടിയാണ് കളക്റ്റ് ചെയ്തത്( worldwide collection ). ഇന്ത്യയിൽ നിന്നും ചിത്രം പണം വാരുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയത് 71 കോടിയാണ്. ഇന്ത്യയിൽ നിന്ന് അടുത്ത് തന്നെ ചിത്രം 100 കോടി നേടും എന്നാണ് റിപ്പോർട്ടുകൾ.
അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന് പ്രതീക്ഷയോടെയാണ് ബോളിവുഡ് നോക്കിക്കാണുന്നത്. ബോളിവുഡിൽ നിന്ന് അടുത്ത് വന്ന എല്ലാ സൂപ്പർസ്റ്റാർ ഹിന്ദി ചിത്രങ്ങളും പരാജയമായിരുന്നു. ആമിർഖാൻ, അക്ഷയ്കുമാർ എന്നിവരുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ ആളെ കയറ്റാൻ പരാജയപ്പെട്ടു. പിന്നാലെയാണ് ബ്രഹ്മാസ്ത്ര തിയേറ്ററുകളിലേക്ക് എത്തുന്നത്. ബീഫ് ഇഷ്ടമാണെന്ന പരാമർശത്തിന്റെ പേരിലാണ് രൺബീറിനും അദ്ദേഹത്തിന്റെ ചിത്രത്തിനുമെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയത്. നേരത്തെ രൺബീറിനെയും ഭാര്യ ആലിയ ഭട്ടിനെയും തിയേറ്ററിൽ പ്രവേശിപ്പിക്കാൻ പോലും ബജ്‌റംങ്ദൾ തയ്യാറായിരുന്നില്ല. പിന്നാലെയാണ് ബഹിഷ്‌കരണ ക്യാമ്പയിനുകളും സജീവമായത്.