പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ എനിക്ക് ഒരു മതവും ജാതിയും തടസമല്ല-സ്വര ഭാസ്‌കർ

മതപണ്ഡിതൻ മൗലാനാ സജ്ജാദ് നൊമാനിയെ സന്ദർശിച്ചെന്ന് ചൂണ്ടിക്കാട്ടിയും സ്വര ഭാസ്‌കറിനെതിരെ സൈബർ സൈബർ ആക്രമണം ശക്തമാണ്

Update: 2024-11-19 09:58 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ തനിക്ക് ഒരു മതവും ജാതിയും തടസമല്ലെന്ന് നടി സ്വര ഭാസ്‌കർ. തന്റെ ഭർത്താവിന്റെ വിശ്വാസം ചോദ്യംചെയ്യുന്നവർ നിങ്ങളുടെ നേതാക്കൾ പ്രവാചകനെ അവഹേളിക്കുകയും ബിൽക്കീസ് ബാനുവിന്റെ പീഡകരെ മാലയിട്ടു സ്വീകരിക്കുകയും ചെയ്തപ്പോൾ എവിടെയായിരുന്നുവെന്ന് അവർ ചോദിച്ചു. മുംബൈയിലെ അണുശക്തി നഗറിൽ ഭർത്താവും ശരദ് പവാർ പക്ഷം എൻസിപി സ്ഥാനാർഥിയുമായ ഫഹദ് അഹ്മദിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വര.

'ഞാൻ ഹിന്ദു മതത്തിലാണ് ജനിച്ചതെന്നതു ശരി തന്നെ. ഒരു മുസ്‌ലിമിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്നതും ശരിയാണ്. ഒരു ശരി കൂടി പറയട്ടെ. പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ എനിക്ക് ഒരു മതവും ജാതിയും പ്രശ്നമല്ല.'-സ്വര ഭാസ്‌കർ പറഞ്ഞു.

'അനിൽ റാത്തോഡ്(ശിവസേന നേതാവ്) ഒരുക്കിയ വേദിയിൽ നിതേഷ് റാണ(ബിജെപി നേതാവ്) പ്രവാചകനെ അവഹേളിച്ചപ്പോൾ എല്ലാവരും എവിടെയായിരുന്നുവെന്നാണ് എന്റെ ഭർത്താവിന്റെ മതവും വിശ്വാസവും നിരന്തരം ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത്. അന്ന് നിങ്ങളുടെയെല്ലാം വിശ്വാസം എവിടെയായിരുന്നു? ബിൽകീസ് ബാനുവിന്റെ പീഡകരെ ബിജെപി നേതാക്കൾ മാലയിട്ടു സ്വീകരിച്ചപ്പോൾ എല്ലാവരുടെയും വിശ്വാസം എവിടെപ്പോയിരിക്കുകയായിരുന്നു?'

മഹായുതി സർക്കാർ വന്നാൽ ആദ്യം പള്ളികളിലെ ഉച്ചഭാഷിണി എടുത്തുമാറ്റുമെന്ന് നിങ്ങളുടെ സഖ്യകക്ഷികൾ പറഞ്ഞപ്പോൾ എവിടെയായിരുന്നു എല്ലാവരും? മുസ്‌ലിംകളുടെ മതത്തിനും വിശ്വാസത്തിനും ഉച്ചഭാഷിണിയുടെയൊന്നും ആവശ്യമില്ല എന്നാണ് എനിക്കു മനസിലായത്. അത്രയും ഉറച്ച വിശ്വാസമാണ് അവരുടേത്. നമസ്‌കാരത്തിനായി വാങ്ക് കൊടുക്കുമ്പോൾ നിങ്ങളുടെ ഹൃദയങ്ങളിൽ എത്തുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലും എത്തുന്നുണ്ട്-സ്വര ഭാസ്‌കർ കൂട്ടിച്ചേർത്തു.

ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ സജ്ജാദ് നൊമാനിയെ ഭർത്താവിനൊപ്പം സ്വര സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചും പ്രസംഗം ഉയർത്തിയും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിൽനിന്ന് അടിമത്തത്തിലേക്കുള്ള യാത്രയാണിതെന്നാണ് ഒരു എക്‌സ് യൂസർ വിമർശിച്ചത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും വാചാലയാകുന്ന സ്വര ഭാസ്‌കറാണ് സ്ത്രീ വിരുദ്ധനായ മതപണ്ഡിതനെ സന്ദർശിച്ചിരിക്കുന്നതെന്നും മറ്റൊരാൾ വിമർശിച്ചു.

Summary: No religion or caste is a barrier for me to respect Prophet Muhammad - Swara Bhaskar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News