കേരളത്തില്‍ ക്ലിക്ക് ആകാതെ 'കേരള സ്റ്റോറി'; കലക്ഷനില്‍ ആദ്യ പത്തില്‍ പോലും കേരളമില്ല
കേരള സ്റ്റോറി വെള്ളിയാഴ്ച 7.5 കോടി രൂപ കലക്ഷനാണ് നേടിയത്
മുംബൈ: വിവാദങ്ങള്‍ക്കിടെ സുദീപ്തോ സെന്നിന്‍റെ 'കേരള സ്റ്റോറി' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നേട്ടമുണ്ടാക്കാനും കേരള സ്റ്റോറിക്ക് സാധിച്ചില്ല.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, കേരള സ്റ്റോറി വെള്ളിയാഴ്ച 7.5 കോടി രൂപ കലക്ഷനാണ് നേടിയത്. പിവിആര്‍,ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ നിന്നായി 4 കോടി രൂപ ലഭിച്ചെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കലക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെബ്സ്റ്റൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര- 2.78 കോടി, കര്‍ണാടക-0.5 കോടി, ഉത്തര്‍പ്രദേശ്- 1.17 കോടി, ഗുജറാത്ത്-0.8 കോടി, ഹരിയാന -0.55 കോടി എന്നിങ്ങനെയാണ് കലക്ഷന്‍.
കേരളത്തില്‍ 20 തിയറ്റുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്.ഇതോടെ വൈകിട്ട് 6.30ഓടെ സിനിമ കാണാനെത്തിയ ബി.ജെ.പി. നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ച. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏഴു പേർ മാത്രമേ സിനിമ കാണാൻ എത്തിയിരുന്നുള്ളൂ. പിന്നീട് തിയറ്ററിലെ പോസ്റ്റർ അടക്കം നീക്കം ചെയ്താണ് പ്രദർശനം ഉപേക്ഷിച്ചത്. എന്നാൽ, വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. വൈകിട്ട് പ്രതിഷേധത്തെത്തുടർന്ന് പൊലീസ് കാവലിലാണ് പ്രദർശനം നടന്നത്.
കോഴിക്കോട് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുമ്പില്‍ നാഷലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരത്തില്‍ രണ്ട് തിയറ്ററുകളിലാണ് പ്രദര്‍ശനം നടന്നത്. എല്ലായിടത്തും പൊലീസ് കാവലോടെയായിരുന്നു പ്രദര്‍ശനം.
സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെട്ടു എന്നാണ് ടീസറും ട്രെയിലറും പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നു.
സംവിധായകൻ സുദീപ്‌തോ സെൻ ചിത്രത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. തന്റെ അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചെന്നും അവരിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും അവസാനിച്ചുവെനും ഇയാൾ ആരോപിക്കുന്നു.
The Kerala Story box office collection Day 1