'അത് ഭീഷ്മപര്‍വ്വം, ഹൃദയം സ്റ്റില്‍ ഫോട്ടോഗ്രാഫറല്ല'; മയക്കുമരുന്ന് കേസില്‍ പിടിയിലായ ആള്‍ ഫെഫ്ക അംഗമല്ല
ഫോട്ടോഗ്രാഫര്‍ ആയ ആല്‍ബിന്‍ ആന്‍റണിയെയാണ് കഴിഞ്ഞ ദിവസം ഹാഷിഷ് ഓയിലുമായി പൊലീസ് പിടികൂടുന്നത്
നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ക്ക് ഭീഷ്മപര്‍വ്വം, ഹൃദയം സിനിമകളുമായി ബന്ധമില്ലെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. വാര്‍ത്തയില്‍ വസ്തുതാവിരുദ്ധമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഫെഫ്ക പത്രകുറിപ്പില്‍ അറിയിച്ചു. ഫോട്ടോഗ്രാഫര്‍ ആയ ആല്‍ബിന്‍ ആന്‍റണിയെയാണ് കഴിഞ്ഞ ദിവസം ഹാഷിഷ് ഓയിലുമായി പൊലീസ് പിടികൂടുന്നത്.
ഫെഫ്ക സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ അംഗങ്ങളായ ഹാസിഫ് ഹക്കീം, ബിജിത്ത് ധര്‍മ്മടം എന്നിവരാണ് ഭീഷ്മപര്‍വ്വം, ഓര്‍മ്മയുണ്ടോ ഈ മുഖം, ഹൃദയം സിനിമകളുടെ യഥാര്‍ത്ഥ സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്ന് സംഘടന അറിയിച്ചു. അറസ്റ്റിലായ ആല്‍ബിന്‍ ആന്‍റണി സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനില്‍ അംഗമല്ലെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള തെറ്റായ വാര്‍ത്ത മൂലം ഈ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ അവമതിപ്പ് ഉണ്ടായതായും കാര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് തിരുത്തിയ വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്നും ഫെഫ്ക അറിയിച്ചു.