'മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നത്'; ആരാധകരോടായി മമ്മൂട്ടി
ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നതെന്ന് മമ്മൂട്ടി
ദുബൈ: ആരാധകര്‍ മാത്രമല്ല സിനിമ കാണുന്നതെന്നും 'മമ്മൂക്ക ഫാന്‍സ്' എന്ന പ്രയോഗം തന്നെ വിഷമമുണ്ടാക്കുന്നതാണെന്നും മമ്മൂട്ടി. ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. 'ക്രിസ്റ്റഫര്‍' സിനിമ പുറത്തിറങ്ങാനിരിക്കെ ദുബൈയില്‍ വെച്ച് നടത്തിയ 'മീറ്റ് ദ പ്രസ്' പരിപാടിയിലാണ് മമ്മൂട്ടി താരത്തോടുള്ള ആരാധകരുടെ ആരാധനയോടുള്ള പ്രതികരണം അറിയിച്ചത്
'സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുണ്ട്. എല്ലാ സിനിമകളും കാണാത്തവരുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് 'ക്രിസ്റ്റഫര്‍'. അല്ലാതെ സിനിമ നിലനില്‍ക്കില്ല-മമ്മൂട്ടി പറഞ്ഞു.
താന്തോന്നിയായ ഒരു പൊലീസുക്കാരന്‍റെ ജീവിതകഥയാണ് ക്രിസ്റ്റഫര്‍ എന്നും മമ്മൂട്ടി പറഞ്ഞു. കഥാപാത്രത്തിന് ചില രംഗങ്ങളില്‍ യഥാര്‍ത്ഥ സംഭവങ്ങളുമായി സാമ്യതകളുണ്ടെന്നും എന്നാല്‍ അക്കാര്യം അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന'ക്രിസ്റ്റഫര്‍' ഫെബ്രുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.