ഓണം റിലീസിനൊരുങ്ങി തിയേറ്ററുകൾ; പ്രതീക്ഷയോടെ സിനിമാ സംഘടനകള്‍
കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്താത്തതാണ് ചിത്രങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കാതെ പോകുന്നതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ
കൊച്ചി: ഓണം റിലീസിനായി എത്തുന്ന സിനിമകൾ പ്രദർശന വിജയം നേടും എന്ന പ്രതീക്ഷയിലാണ് സിനിമാ സംഘടനകൾ. സമീപകാലത്ത് ഇറങ്ങിയ അന്യഭാഷ ചിത്രങ്ങൾ ഒഴിച്ച് മറ്റു ചിത്രങ്ങളൊന്നും കാര്യമായ പ്രദർശന വിജയം നേടിയിരുന്നില്ല. കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്താത്തതാണ് ഇതിന് കാരണമെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ അധ്യക്ഷൻ സിയാദ് കോക്കർ പറഞ്ഞു.
സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങൾക്ക് പോലും തിയറ്ററുകളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ഓണം റിലീസിന് എത്തുന്ന ദുൽഖർ സൽമാൻ ചിത്രം കിങ്ങ് ഓഫ് കൊത്തയും, RDX ഉം, നിവിൻ പോളി ചിത്രം രാമചന്ദ്ര ബോസ് അന്റ് കോ എന്നീ ചിത്രങ്ങളിൽ വലിയ പ്രതീക്ഷയാണ് സിനിമാ സംഘടനകൾ വെച്ചിരിക്കുന്നത് .
മലയാള സിനിമകൾ പരാജയപ്പെട്ടപ്പോഴും അന്യഭാഷ ചിത്രങ്ങൾ നേട്ടമുണ്ടാക്കി എന്ന് സംഘടനകൾ പറയുന്നു. കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്താത്തതാണ് ചിത്രങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കാതെ പോകുന്നതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് സിയാദ് കോക്കർ ചൂണ്ടിക്കാട്ടി.