''ലളിതയെ വെല്ലാൻ ആരുമില്ല; അഭിനയിച്ചുതകർക്കുകയായിരുന്നു അവർ''- അനുസ്മരിച്ച് ഇന്നസെന്റ്

''വടക്കാഞ്ചേരിയിൽ തെരഞ്ഞെടുപ്പിന് നിർത്താൻ പാർട്ടി ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. പാർട്ടി എന്നോട് അവരോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിളിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് താൽപര്യമില്ലെന്ന് അറിയിക്കുകയാണ് അവർ ചെയ്തത്..''

Update: 2022-02-23 05:27 GMT
Editor : Shaheer | By : Web Desk
Advertising

കെ.പി.എ.സി ലളിതയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് നടൻ ഇന്നസെന്റ്. എന്നാൽ, മലയാള സിനിമയുള്ളിടത്തോളം കാലം അവർ നമ്മുടെ മനസിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പലരും നാടകത്തിൽനിന്ന് സിനിമയിൽ വന്നിട്ട് പരാജയപ്പെടാറുണ്ട്. എന്നാൽ, ലളിത നാടകത്തിൽനിന്ന് സിനിമയിലെത്തിയപ്പോൾ ശോഭിക്കുകയാണുണ്ടായത്. ലളിത അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നതാണ് അതിനു കാരണം-ഇന്നസെന്റ് അനുസ്മരിച്ചു.

ആര് അഭിനയിക്കണമെന്ന് ഞാൻ ഒരിക്കലും സംവിധായകരോട് പറയാറില്ല. ഒന്നോ രണ്ടോ തവണ അങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ഒരിക്കൽ ഗോഡ്ഫാദർ ചെയ്തപ്പോഴായിരുന്നു. കൊച്ചമ്മിണി ചെയ്യുന്ന ക്യാരക്ടർ ആര് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ അങ്ങനെ അന്വേഷിച്ചുപോകേണ്ട കാര്യമില്ല, ലളിതയാണ് ആ റോളിന് ഏറ്റവും നല്ലതെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.

''ഒരു ക്യാരക്ടർ കിട്ടിയാൽ അവർ അഭിനയിച്ചുതകർക്കുകയാണ് ചെയ്യുക. ജീവിതത്തിലെ കാര്യങ്ങൾ സ്‌ക്രീനിലും കാണിക്കുന്നതുകൊണ്ടാണ് ആളുകൾക്ക് ഇഷ്ടപ്പെടുന്നത്. ഏത് റോളിലും ലളിതയെ കാണുമ്പോൾ നമ്മുടെ അയൽപക്കത്തുള്ള സ്ത്രീകളുടെ മുഖം അവരിൽ കാണാം. അതിനു കാരണം ഒരു ഗ്രാമത്തിന്റെ മുഖം അവരിൽ കൊത്തിവച്ചിട്ടുണ്ടായിരുന്നു.''

Full View

പണ്ട് വടക്കാഞ്ചേരിയിൽ തെരഞ്ഞെടുപ്പിന് നിർത്താൻ പാർട്ടി ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. പാർട്ടി എന്നോട് അവരോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിളിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് താൽപര്യമില്ലെന്ന് അറിയിക്കുകയാണ് അവർ ചെയ്തത്. അവർ അന്നു നിൽക്കാത്തതുകൊണ്ട് നമ്മൾക്ക് ഒരു എം.എൽ.എയെ നഷ്ടപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയരുതെന്ന് എന്നോട് പറയാറുണ്ടായിരുന്നു. എന്നിൽ അങ്ങനെ വിശ്വാസമായിരുന്നു-അദ്ദേഹം പറഞ്ഞു.

തെലുങ്കിലോ തമിഴിലോ ഹിന്ദിയിലോ മലയാളത്തിലോ ഒന്നും ലളിതയെ വെല്ലാൻ വേറെ നടിമാരില്ല. കുറച്ചുകാലമായി സുഖമില്ലാതെ കിടക്കുമ്പോൾ പോകണമെന്ന് വിചാരിച്ചിരുന്നു. എനിക്കും സുഖമില്ലെങ്കിലും പോകണമെന്ന് കരുതിയതാണ്. എന്നാൽ, ഞാൻ പോയിട്ട് അവർക്ക് കോവിഡ് കൊടുക്കേണ്ടെന്നു കരുതിയാണ് പോകാതിരുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

Summary: ''There is no one to beat KPAC Lalitha in acting'', recalls actor Innocent

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News