കെ.ജി.എഫ് പശ്ചാത്തലത്തില്‍ ധനുഷ് സിനിമ; വെട്രിമാരന്‍ സംവിധാനം
ഇതുവരെ നാല് ചിത്രങ്ങളാണ് വെട്രിമാരനും ധനുഷും ഒന്നിച്ച് പുറത്തിറങ്ങിയത്
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ പുതിയ സിനിമ ഒരുക്കാന്‍ ഒരുങ്ങി വെട്രിമാരന്‍. സിനിമയുടെ നിര്‍മാതാവായ കെ.ഇ ജ്ഞാനവേല്‍ ആണ് പുതിയ സിനിമ ഒരുങ്ങുന്ന കാര്യം അറിയിച്ചത്. ചരിത്രാഖ്യാനങ്ങളുടെ പിന്‍ബലത്തോടെ ഒരുക്കുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്‍. അതെ സമയം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
ഇതുവരെ നാല് ചിത്രങ്ങളാണ് വെട്രിമാരനും ധനുഷും ഒന്നിച്ച് പുറത്തിറങ്ങിയത്. പൊള്ളാധവന്‍, ആടുകളം, വട ചെന്നൈ, അസുരന്‍ എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച് ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. വട ചെന്നൈ 2 സിനിമയിലും ഇരുവരും ഒന്നിച്ചേക്കും. അതിനിടെ വട ചെന്നൈ 2 ആണോ കെ.ജി.എഫ് പശ്ചാത്തലത്തിലുള്ള ചിത്രമാണോ ആദ്യം പുറത്തിറങ്ങുകയെന്നതില്‍ വ്യക്തതയില്ല.
സൂര്യയെ നായകനാക്കി വാടി വാസല്‍, വിജയ് സേതുപതി, ഗൗതം മേനോൻ തുടങ്ങിയവര്‍ അഭിനയിച്ച വിടു തലൈയുടെ രണ്ടാം ഭാഗം എന്നിവയാണ് വെട്രിമാരന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ളത്. സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് വാടി വാസല്‍ സിനിമ ഒരുങ്ങുന്നത്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന നോവലിനെ ആസ്പദമാക്കിയാണ് 'വിടു തലൈ' ഒരുക്കിയത്.