'സഹായിക്ക് 20,000, താമസിക്കാൻ പ്രീമിയം സ്യൂട്ട്': വിജയ് റാസിനെ അജയ് ദേവ്ഗൺ ചിത്രത്തിൽ നിന്ന് പുറത്താക്കി
സെറ്റിൽ വെച്ച് അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിനെ തുടർന്നാണ് തന്നെ പറഞ്ഞുവിട്ടതെന്നാണ് വിജയ് റാസ് പറയുന്നത്
മുംബൈ: അജയ് ദേവ്ഗൺ നായകനാകുന്ന സൺ ഓഫ് സർദാർ 2വിൽ നിന്ന് നടൻ വിജയ് റാസിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പെരുമാറ്റങ്ങളും ഡിമാന്റുകളും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പറയപ്പെടുന്നത്.
എന്നാൽ സെറ്റിൽ വെച്ച് അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിനെ തുടർന്നാണ് തന്നെ പറഞ്ഞുവിട്ടതെന്നാണ് വിജയ് റാസ് പറയുന്നത്. വിജയ് റാസിന് പകരം സഞ്ജയ് മിശ്രയെയാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ മുറികളും വാനും സഹായികൾക്ക് അധിക വേതനവും ആവശ്യപ്പെട്ടതിനാലാണ് വിജയിയെ പുറത്താക്കിയതെന്ന്, വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ചിത്രത്തിന്റെ സഹനിർമാതാവ് കുമാർ മംഗത് പറഞ്ഞു.
മറ്റ് താരങ്ങളേക്കാളും കൂടുതലാണ് വിജയിയുടെ ചെലവെന്നും തന്റെ സഹായികൾക്ക് മാത്രമായി ഒരു ദിവസം 20,000 രൂപയാണ് നടൻ വാങ്ങുന്നതെന്നും സഹനിർമാതാവ് പറഞ്ഞു. യു.കെ ചെലവേറിയ സ്ഥലമാണ്, ഷൂട്ടിംഗിനിടെ എല്ലാവർക്കും സ്റ്റാൻഡേർഡ് റൂമുകൾ കൊടുത്തു. പക്ഷേ അദ്ദേഹം പ്രീമിയം സ്യൂട്ടുകളാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അജയ്നെ അഭിവാദ്യം ചെയ്യാത്തതിനാണ് തന്നെ പുറത്താക്കിയതെന്ന വിജയ് റാസിന്റെ ആരോപണവും അദ്ദേഹം തള്ളി.
ആളുകൾ അഭിവാദ്യം ചെയ്യാൻ കാത്തിരിക്കുന്ന ആളല്ല അജയ് എന്നും എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സഹനിര്‍മ്മാതാവ് പറഞ്ഞു. രണ്ട് കോടിയോളം നഷ്ടമാണ് വിജയിയെ ഒഴിവാക്കിയതിനാൽ ഞങ്ങൾക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജയ് ദേവ്ഗണും സോനാക്ഷി സിൻഹയും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തിയ 'സൺ ഓഫ് സർദാർ' 2012 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് യു.കെയില്‍ പുരോഗമിക്കുന്നത്.