വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും നായകരായി 'കുപ്പീന്ന് വന്ന ഭൂതം'; റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധായകൻ
റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് വൺഡേ ഫിലിംസിന്‍റെ ആദ്യ ചിത്രമായ 'കുപ്പീന്ന് വന്ന ഭൂതം' സംവിധാനം ചെയ്യുന്നത്
കൊച്ചി: മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. ഖത്തർ വ്യവസായിയായ ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ള വൺഡേ ഫിലിംസ് ആണ് നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്. വൺഡേ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിന്‍റെ പ്രഖ്യാപനം ക്രൗൺ പ്ലാസാ ഹോട്ടലിൽ വെച്ചു നടന്നു. സംവിധായകനും നടനുമായ മേജര്‍ രവിയും നിര്‍മാതാവ് സാബു ചെറിയാനും ചേർന്ന് 'കുപ്പീന്ന് വന്ന ഭൂതം' എന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. സംവിധായകൻ ജോഷി വൺഡേ ഫിലിംസിന്‍റെ നിര്‍മാണ ബാനർ പ്രകാശനം ചെയ്തു.
മേജർ രവി, ടോമിച്ചൻ മുളകുപാടം, ജോബി നീണ്ടൂർ, റോബിൻ തിരുമല, സന്ധ്യ മോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമൻ രഘു, രാജാസാഹിബ്, പ്രിയങ്ക എന്നിവർ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഈരാളി, പൊന്നമ്മ ബാബു, അംബികാ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ആദ്യ ചിത്രമായ 'കുപ്പീന്ന് വന്ന ഭൂതം' സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റാഫിയും മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിക്കും. സംഗീതം-മണികണ്ഠൻ അയ്യപ്പ. ഛായാഗ്രഹണം-രതീഷ് റാം. കലാസംവിധാനം-ജോസഫ് നെല്ലിക്കൽ. കോ-ഡയറക്ടർ-ഋഷി ഹരിദാസ്. നിർമ്മാണ നിർവ്വഹണം-ഡിക്സൻ പൊടുത്താസ്. പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആര്‍.ഒ-വാഴൂർ ജോസ്.