'എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽപേർ വരുമായിരുന്നു'; മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു
'മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല'
കോഴിക്കോട്: മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നും വി.എം വിനു പറഞ്ഞു.
'മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.
എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു'- അദ്ദേഹം പ്രതികരിച്ചു.
മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാൻ പുലർച്ചെ മുതൽ തന്നെ അരക്കിണറിലെ വീട്ടിലേക്ക് ഇണമുറിയാതെ സാധാരണക്കാരായ ആളുകൾ ഒഴുകിയെത്തിയിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷംരാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.