'ആദിപുരുഷിന്‍റെ വി.എഫ്.എക്സില്‍ ഞങ്ങള്‍ക്ക് പങ്കില്ല'; കുറിപ്പുമായി അജയ് ദേവ്ഗണിന്‍റെ വി.എഫ്.എക്സ് കമ്പനി

കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്

Update: 2022-10-03 16:38 GMT
Editor : ijas
Advertising

പ്രഭാസിനെ നായകനാക്കി രാമായണം ആസ്പദമാക്കി ഒരുക്കിയ 'ആദിപുരുഷി'ലെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്ന ടാഗ്‌ലൈനില്‍ രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ടീസര്‍ പുറത്തായതിന് പിന്നാലെ ടീസര്‍ വീഡിയോക്കെതിരെ വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് ഉയര്‍ന്നത്. ചിത്രത്തിലെ വി.എഫ്.എക്സിനെ ലക്ഷ്യമിട്ടാണ് ട്രോളുകളിധികവും. കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്‍റെ ഗെറ്റപ്പിനെയും ആരാധകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. നടന്‍ അവതരിപ്പിക്കുന്നത് രാവണനെയാണോ ഡ്രാക്കുളയെയാണോയെന്നും ചില ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. ടീസര്‍ വീഡിയോയും കുട്ടികളുടെ കാര്‍ട്ടൂണ്‍ സംഭാഷണവും ചേര്‍ത്തുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടീസറിനെതിരെ ട്വിറ്ററിലും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ചിത്രത്തിന്‍റെ വി.എഫ്.എക്സിനെതിരായ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ കടുത്തതോടെ ചിത്രത്തിന്‍റെ വി.എഫ്.എക്സ് ചെയ്തുവെന്ന് പ്രചരിക്കപ്പെടുന്ന അജയ് ദേവ്ഗണിന്‍റെ ഉടമസ്ഥതയിലുള്ള വി.എഫ്.എക്സ് കമ്പനി എന്‍.വൈ വി.എഫ്.എക്സ് വാല വ്യക്തത വരുത്തി പത്രകുറിപ്പ് പ്രസിദ്ധീകരിച്ചു. ഫിലിം അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശാണ് എന്‍.വൈ വി.എഫ്.എക്സ് വാലയുടെ പ്രസ്താവന പങ്കുവെച്ചത്. തങ്ങള്‍ ആദിപുരുഷ് എന്ന സിനിമയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലോ സ്പെഷ്യല്‍ എഫക്ട്സ് വിഭാഗത്തിലോ ഭാഗമായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദിച്ച് രംഗത്തുവന്നതുകൊണ്ടാണ് ഇതില്‍ വ്യക്തത വരുത്തുന്നതെന്നും എന്‍.വൈ വി.എഫ്.എക്സ് വാല പ്രസ്താവനയില്‍ അറിയിച്ചു.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം അയോധ്യയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തൻഹാജി; ദ അൺസങ് വാരിയറിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആദിപുരുഷ്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ 250 കോടിയും വി.എഫ്.എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് ചിത്രത്തിലെ പ്രഭാസിന്‍റെ പ്രതിഫലം. ടീ സീരീസ്, റെട്രോഫൈലിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരിയില്‍ തെലുഗ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ചിത്രം തിയറ്ററുകളിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News