ഉയിര്‍പ്പ്; അപമാനിച്ചവര്‍ക്ക് മുന്നില്‍ നിന്ന് നയിച്ച് മറുപടി നല്‍കി മെസ്സി
റോഹോയുടെ ചുമലിലേറി ലയണല്‍ മെസ്സി റഷ്യ വിട്ട് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു.
നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ ലയണല്‍ മെസ്സി തന്നെ. അദ്യ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ മെസ്സി മൂന്നാം മത്സരത്തില്‍ ഗോളടിക്കുകയും കളം നിറഞ്ഞ് കളിക്കുകയും ചെയ്തു.
"മിശിഹാ വിജാതീയര്‍ക്ക് ഏല്‍പ്പിക്കപ്പെടും. അവര്‍ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവന്‍റെ മേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ പ്രഹരിക്കുകയും വിധിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും" (ബൈബിള്‍ വചനം).
ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്, രണ്ടാം മത്സരത്തില്‍ നിറം മങ്ങിയത്, ഒരു ഗോളുപോലുമില്ലാതെ രണ്ട് മത്സരം പൂര്‍ത്തിയാക്കിയത്, വിമര്‍ശനങ്ങളുടെ ഉച്ചസ്ഥായിയിലാണ് ലയണല്‍ മെസ്സി നൈജീരിയക്കെതിരെ ബൂട്ട് കെട്ടിയത്. ഒരിക്കല്‍ കൂടി പരാജയപ്പെട്ടാല്‍ ഇത്രയും കാലം കളിച്ചതൊക്കെയും വിസ്മൃതിയാകും എന്ന് മെസ്സിക്കറിയാം. അവിടെ നിന്നായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്. മെസ്സിക്ക് വേണ്ടി ഈ ലോകകപ്പ് കാത്തുവെച്ചതായിരുന്നു നൂറാം ഗോള്‍.
45 വാര അകലെ നിന്ന് ഉയര്‍ന്ന് വന്ന ബോള്‍ ഒറ്റ ടച്ച് കൊണ്ട് തന്റേതാക്കി മാറ്റി മെസ്സി. പതിവില്ലാത്ത വിധം വലംകാല്‍ കൊണ്ടുള്ള ഫിനിഷിംഗ്. അതിമനോഹരമായെടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ പതിവ് പോലെ ചിരിച്ചു മെസ്സി. കണ്ട് നിന്നവര്‍ തലയില്‍ കൈവെച്ചു. എയ്ഞ്ചല്‍ ഡിമരിയക്കും ഹിഗ്വെയ്നും എല്ലാത്തവണത്തേയും പോലെ അവസരങ്ങളുടെ പാസുകള്‍ ഒരുക്കി കൊടുത്തു മെസ്സി. ഒടുവില്‍ റോഹോയുടെ ചുമലിലേറി ലയണല്‍ മെസ്സി റഷ്യ വിട്ട് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു.