മെസി ഇല്ലെങ്കിലും ബാഴ്‌സ സ്‌ട്രോങ് തന്നെ; ഇന്റര്‍മിലാനെതിരെ തകര്‍പ്പന്‍ ജയം 

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നിലും ജയിച്ച ബാഴ്‌സ ഗ്രൂപ്പില്‍ ഒന്നാമനായി 

Update: 2018-10-25 02:33 GMT
Advertising

പരിക്കേറ്റ സൂപ്പര്‍താരം മെസിയില്ലാതെ ഇറങ്ങിയിട്ടും ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ചാമ്പ്യന്‍സ് ലീഗില്‍ ശക്തരായ ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തോല്‍പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നിലും ജയിച്ച ബാഴ്‌സ ഗ്രൂപ്പില്‍ ഒന്നാമനായി. കഴിഞ്ഞ ദിവസം ലാലിഗയില്‍ കയ്യിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മെസിക്ക് പുറത്തിരിക്കേണ്ടി വന്നത്. നൗകാമ്പില്‍ കളി കാണാന്‍ മെസിയുമുണ്ടായിരുന്നു. 32ാം മിനുറ്റില്‍ റഫീഞ്ഞ ബാഴ്‌സക്കായി ആദ്യം വലകുലുക്കി. സുവാരസിന്റെ അതിമനോഹരമായൊരു ക്രോസില്‍ നിന്നായിരുന്നു ആ ഗോള്‍.

അവസാനത്തോട് അടുക്കവെ 83ാം മിനുറ്റില്‍ ജോര്‍ഡി ആല്‍ബയും ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സ ജയമുറപ്പിച്ചു. ഇവാന്‍ റാക്കിറ്റിച്ചായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗോള്‍കീപ്പറുടെ രക്ഷപ്പെടുത്തല്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്റര്‍മിലാന്റെ തോല്‍വിയുടെ ഭാരം ഇതിലും കൂടിയേനെ. മറുപുറത്ത് പൊരുതിനോക്കാനെ ഇക്കാര്‍ഡിയടങ്ങിയ ഇന്റര്‍മിലാന് കഴിഞ്ഞുള്ളൂ. ഗോള്‍ മാത്രം അകന്ന് നിന്നു. ബോള്‍ പൊസഷനിലും ഷോട്ടുകളിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകളിലുമെല്ലാം ബാഴ്‌സ തന്നെയായിരുന്നു മുന്നില്‍. 67ശതമാനമായിരുന്നു ബാഴ്‌സയുടെ പന്തടക്കം.

Tags:    

Similar News