ലെസ്റ്റര്‍ സിറ്റി ക്ലബ് ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
വിചായ് യെ കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്നെന്ന് കരുതുന്ന അഞ്ച് പേരും മരിച്ചു.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായ് ശ്രീവദനപ്രഭ(60) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. വിചായ് യെ കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്നെന്ന് കരുതുന്ന അഞ്ച് പേരും മരിച്ചു. വിചായ് യുടെ മകള്‍ ഒപ്പമുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം എത്രപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങളില്ല. എട്ട് പേര്‍ക്ക് ഇതില്‍ ഇരിക്കാനാവുമെന്ന് പറയപ്പെടുന്നു. ശനിയാഴ്ച രാത്രിയോടൊണ് അപകടം സംഭവിച്ചത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള കാര്‍പാര്‍ക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കോപ്റ്റര്‍ പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ താഴെ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
— Leicester City (@LCFC) October 28, 2018
രാത്രി ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങവെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയാല്‍ ആഭ്യന്തര യാത്രക്ക് ഉപയോഗിക്കുന്നത് ഈ ഹെലികോപ്റ്ററാണ്. അതേസമയം അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന്റെ സെന്റര്‍ സര്‍ക്കിളില്‍ നിന്നും രാത്രി 8.45ന് ക്ലബ്ബ് ചെയര്‍മാനുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കന്‍ഡുകള്‍ക്കകം താഴെക്ക് പതിച്ച് കത്തിയമരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
തൊട്ടടുത്ത കാര്‍ പാര്‍ക്കിന് സമീപമാണ് കോപ്റ്റര്‍ വീണത്. കളി കാണാന്‍ എത്തിയവരെല്ലാം സമീപത്തുണ്ടായിരുന്നു. 2010ലാണ് വിചായ് ശ്രീവദനപ്രഭയെന്ന തായ്‌ലാന്‍ഡിലെ ശതകോടീശ്വരന്‍ ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ക്ലബ്ബിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ നിര ക്ലബ്ബുകള്‍ക്കൊപ്പമെത്തിച്ചു. 2016ല്‍ കിരീടവും ചൂടി. വന്‍തോതില്‍ പണമിറക്കിയാണ് അദ്ദേഹം ലെസ്റ്ററിനെ അഞ്ചുവര്‍ഷംകൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്.