പെരുന്നാള്‍ അവധിയുടെ ആലസ്യത്തില്‍ നിന്ന് ഗള്‍ഫ് സജീവമാകുന്നു
പെരുന്നാളിനൊപ്പം ഓണം കൂടി ആഘോഷിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാകും മലയാളി സമൂഹം
ദിവസങ്ങള്‍ നീണ്ട പെരുന്നാള്‍ അവധിക്കു ശേഷം ഗള്‍ഫ് മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. പെരുന്നാള്‍ അവധി പ്രയോജനപ്പെടുത്തി ദുബൈ ഉള്‍പ്പെടെ നഗരങ്ങളിലേക്കുള്ള സന്ദര്‍ശക പ്രവാഹം ഇക്കുറി കൂടുതലായിരുന്നു.
പെരുന്നാള്‍ അവധിയുടെ ആലസ്യത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ വീണ്ടും സജീവതയിലേക്ക് മാറുകയാണ്. ഏതാണ്ട് 10 ദിവസങ്ങള്‍ വരെ നീണ്ടുനിന്നു, ഇത്തവണ പെരുന്നാള്‍ അവധിക്കാലം. സ്വകാര്യ സ്ഥാപനങ്ങളുടെ അവധി പക്ഷെ, മൂന്ന് ദിവസങ്ങളില്‍ മാത്രം ഒതുങ്ങി. ദുബൈ ഉള്‍പ്പെടെ വിമാനത്താവളങ്ങളില്‍ റെക്കാര്‍ഡ് തിരക്കായിരുന്നു പിന്നിട്ട ദിവസങ്ങളില്‍. എമിറേറ്റ്സ് എയര്‍ലൈന്‍സ് മുഖേന മാത്രം കാല്‍ കോടി യാത്രക്കാരാണ് പെരുന്നാള്‍ അവധിവേളയില്‍ ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്തത്.
മലയാളികള്‍ ഉള്‍പ്പെടെ പ്രവാസ ലോകവും അവധിക്കാലം ഗംഭീരമാക്കി. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ കുടുംബസമേതമാണ് ദുബൈ ഉള്‍പ്പെടെ നഗരങ്ങളില്‍ സന്ദര്‍ശിക്കാനത്തെിയത്. 'ഈദ് ഇന്‍ ദുബൈ' ഉള്‍പ്പെടെയുള്ള പെരുന്നാള്‍ ആഘോഷ പരിപാടികളിലൂടെയാണ് ദുബൈ സന്ദര്‍ശകരെ വരവേറ്റത്.
പെരുന്നാളിനൊപ്പം ഓണം കൂടി ആഘോഷിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാകും മലയാളി സമൂഹം നാളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തുക.