വികെ സിങ് ജിദ്ദയിലെത്തി, ലേബര്‍ക്യാമ്പില്‍ സന്ദര്‍ശനം നടത്തി

Update: 2018-04-03 21:37 GMT
Editor : Jaisy
Advertising

വൈകീട്ട് മൂന്നരയോടെ ശുമൈസിയിലെ ലേബര്‍ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം തൊഴിലാളികളുമായി സംസാരിച്ചു

Full View

സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദേശകാര്യസഹമന്ത്രി വി.കെ.സിങ് വീണ്ടും ജിദ്ദയിലെത്തി. വൈകീട്ട് മൂന്നരയോടെ ശുമൈസിയിലെ ലേബര്‍ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം തൊഴിലാളികളുമായി സംസാരിച്ചു. മറ്റ് കമ്പനികളിലേക്ക് തൊഴില്‍ മാറുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യണമെന്ന് മന്ത്രി തൊഴിലാളികളോട് ആവശ്യപ്പെട്ടു.

പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ ഒന്നുകില്‍ നാട്ടിലേക്ക് തിരിക്കുകയോ അല്ലെങ്കില്‍ ജോലി മാറാനോ തയാറാവണമെന്ന് വികെ സിംങ് തൊഴിലാളികളോട് പറഞ്ഞു. കിട്ടാനുള്ള ശമ്പളക്കുടിശ്ശിക ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കരുത്. നിയമപരമായി അത് ലഭ്യമാക്കാന്‍ സൗദിയും ഇന്ത്യയും നടപടി സ്വീകരിക്കും. അതിന് സമയമെടുക്കും. പുതിയ കമ്പനികള്‍ തൊഴില്‍ നല്‍കാന്‍
തയാറാവുമ്പോള്‍ വിമുഖത കാണിക്കരുത്. സൗദി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ അധിക കാലം ഉണ്ടാവണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ലിസ്റ്റ് അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നാട്ടിലത്തെിയാലും ജോലിസാധ്യതകള്‍ ഉണ്ടെന്നും സിങ് തൊഴിലാളികളോട് പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തൊഴിലാളികളുടെ കേസ് നടത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ചുമതലപ്പെടുത്തിയ ലീഗല്‍ കണ്‍സല്‍ട്ടന്‍സി തലവന്‍ ഡോ. ഖാലിദ് അല്‍ ബഗ്ദാദി, നിയമകാര്യവിഭാഗം തലവന്‍ ഡോ.അഹമ്മദ് അല്‍ ജിഹാനി, ലേബര്‍ ഓഫീസര്‍ അബ്ദുറഹ്മാന്‍ അല്‍ ബിശ്ദി എന്നിവരും ക്യാമ്പിലെത്തി. ആഗസ്റ്റ് ആദ്യവാരത്തില്‍ സൗദിയിലത്തെിയ മന്ത്രി തൊഴില്‍വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള
നടപടികളില്‍ ധാരണയായിരുന്നു. അന്നു പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News