ഇന്ത്യ-യുഎഇ കരാറുകള്‍ ഒപ്പിട്ടു; വിവിധ മേഖലകളില്‍ 5 കരാറുകള്‍
യു എ ഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കരാര്‍ നിയമനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന കരാറും ഇതിലുള്‍പ്പെടും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് കരാറുകള്‍ ഒപ്പു വെച്ചു. യു എ ഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കരാര്‍ നിയമനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന കരാറും ഇതിലുള്‍പ്പെടും. യു എ ഇയിലെ എണ്ണ കമ്പനികളില്‍ ഇന്ത്യയുടെ ആദ്യ നിക്ഷേപത്തിനും കരാറായി.
തൊഴില്‍, റെയിൽവേ, ഊര്‍ജം, ധനകാര്യം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിലാണ് ഇന്ത്യയും യു എ ഇയും ഒപ്പിട്ടത്. യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളെ ചൂഷണങ്ങളിൽനിന്നും തൊഴിൽതട്ടിപ്പുകളിൽനിന്നും തടയാന്‍ ലക്ഷ്യമിടുന്നതാണ് തൊഴില്‍ രംഗത്തെ കരാര്‍. കരാർ പ്രാബല്യത്തിലാകുന്നതോടെ യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ കരാർ നിയമനം കൂടുതൽ വ്യവസ്ഥാപിതമാകും. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾ പരിഷ്കരിക്കും.
അബൂദബിയിലെ എണ്ണ കമ്പനികളായ അഡ്നോക്കും ഇന്ത്യൻ എണ്ണ കമ്പനികളായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ്, ഭാരത് പെട്രോളിയം റിസോഴ് സസ് ലിമിറ്റഡ് (ബി.പി.ആർ.എൽ), ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, എന്നിവയുടെ കൂട്ടായ്മയുമാണ് മറ്റൊരു കരാര്‍ ഒപ്പിട്ടത്. കടലിലെ എണ്ണ ഉൽപാദന കേന്ദ്രമായ ലോവർ സകൂമിൽ പത്ത് ശതമാനം ഓഹരി അനുവദിക്കും. 2018 മുതൽ 2057 വരെ 40 വർഷമാണ് കരാർ കാലാവധി. യു.എ.ഇയിലെ എണ്ണമേഖലയിൽ ഇന്ത്യയുടെ ആദ്യ നിക്ഷേപമാണിത് .
റെയിൽമേഖലയിലെ സാങ്കേതിക സഹകരണത്തിനാണ് ഇന്ത്യന്‍ റെയില്‍ മന്ത്രാലയവും യു.എ.ഇ ഫെഡറൽ ഗതാഗത അതോറിറ്റിയും തമ്മില്‍ കരാറിൽ ഒപ്പിട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും തമ്മില്‍ സഹകരിക്കാനും കരാറായി.