പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു
റിയാലിന് 169.93 രൂപ നിരക്കിലാണ് ധനവിനിമയ സ്ഥാപനങ്ങൾ ഇന്നു ഇടപാടുകൾ അവസാനിപ്പിച്ചത്
ഒരിടവേളക്ക് ശേഷം ശേഷം പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു. റിയാലിന് 169.93 രൂപ നിരക്കിലാണ് ധനവിനിമയ സ്ഥാപനങ്ങൾ ഇന്നു ഇടപാടുകൾ അവസാനിപ്പിച്ചത്. ഡോളറുമായുള്ള രൂപയുടെ മൂല്യശോഷണം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതോടെ വിനിമയ നിരക്കിലും വർധനവുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു റിയാലിന് 178.70 രൂപ വരെ വിനിമയനിരക്ക് ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ വിനിമയ നിരക്ക് 165നും 166 രൂപക്കും ഇടയിലായിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതലാണ് ഇതിൽ നിന്ന് ഉയർച്ചയുണ്ടായത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രകടമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങളാണ് രൂപയുടെ വിലയിടിവിന് കാരണം. ഡോളറിന് 65.24 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. ഇത് 65.44 രൂപ വരെ ഉയർന്നു. ഡിസംബർ വരെ ഇടിവ് തുടരാനാണ് സാധ്യത. വിനിമയ നിരക്ക് റിയാലിന് 170 മുതൽ 172 രൂപ വരെ ഉയർന്നേക്കാം . വിനിമയനിരക്ക് ഉയർന്നതോടെ കൂടുതൽ ആളുകൾ നാട്ടിലേക്കു പണമയക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.