സൌദി കിരീടാവകാശി ബ്രിട്ടനും അമേരിക്കയും സന്ദര്‍ശിക്കും
ആണവക്കരാറും, സൈനിക രംഗത്തെ സഹകരണവുമെല്ലാം ചര്‍ച്ചയാകും.
ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം ബ്രിട്ടനിലേക്കാണ്. തുടര്‍ന്ന് അമേരിക്കയിലും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളില്‍ അതീവ നിര്‍ണായകമാകും ഈ ചര്‍ച്ച. ആണവക്കരാറും, സൈനിക രംഗത്തെ സഹകരണവുമെല്ലാം ചര്‍ച്ചയാകും.
മൂന്ന് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ നേരെ ബ്രിട്ടനിലേക്കാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യാത്ര. പിന്നീട് ഒരാഴ്ചക്ക് ശേഷം അമേരിക്കയും സന്ദർശിക്കും. മാർച്ച് ഏഴിനാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ബ്രിട്ടൻ സന്ദർശനം. മാർച്ച് 19 ന് അമേരിക്കൻ സന്ദർശനവും. പര്യടനത്തിനിടെ കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കാനും സാധ്യതയുണ്ട്.
സൗദി അറേബ്യയുമായി ആണവ സഹകരണ കരാർ ഒപ്പുവെക്കുന്നതിന് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ആകെ 16 ആണവ റിയാക്ടറുകൾ നിർമിക്കാനാണ് സൗദിയുടെ പദ്ധതി. ഇതേ ആവശ്യത്തിന് അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും ശ്രമിക്കുന്നുണ്ട്. ഇതിനാല്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയിലിതുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറാംകോയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങളും അമേരിക്കൻ സന്ദർശനത്തില്‍ ചര്‍ച്ച ചെയ്യും. ഒപ്പം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.