മാസങ്ങളായി ശമ്പളമില്ല; അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ സമരത്തില്‍
മൂന്ന് മാസത്തിലധികമായി ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി
മാസങ്ങളായി ശമ്പളം കുടിശ്ശികയായതിനാല്‍ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്നു. അല്‍ഖോബാറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് അധികൃതര്‍ക്കെതിരെ സമരവുമായി രംഗത്തെത്തിയത്.
മൂന്ന് മാസത്തിലധികമായി ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രി പരിസരത്ത് തടിച്ചു കൂടിയ നൂറോളം വരുന്ന ജീവനക്കാര്‍ ഉടന്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. 'നോ സാലറി, നോ സ്കൂള്‍ ' എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തി ജീവനക്കാരുടെ മക്കളും സമരത്തില്‍ പങ്കെടുത്തു. സ്കൂള്‍ ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക് അയക്കാന്‍ പോലുമാവാതെ ദുരിതത്തിലാണ് തങ്ങളെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. സമരത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് അധികവും. 600 ഓളം ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഭൂരിഭാഗവും അറബ് വംശജരാണ്. ആശുപത്രി മാനേജ്മെന്റിലെ ഉന്നത തലത്തില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം താളം തെറ്റിയതെന്നാണ് ആരോപണം. നേരത്തെ ഇതേ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനത്തിലെ ആയിരത്തോളം തൊഴിലാളികളും തൊഴില്‍ പ്രതിസന്ധി നേരിട്ട് ദുരിതത്തിലായിരുന്നു. പിന്നീട് എംബസിയുടെയും ഉന്നത അധികൃതരുടെയും ഇടപെടലിനെ തുടര്‍ന്ന് പലരും എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുകയും മറ്റു കമ്പനികളിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ ഇടപെടലിലൂടെ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.