ജനറൽ വി.കെ സിംഗ് ഈ മാസം പത്തിന് കുവൈത്തിലെത്തും
കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കുവൈത്ത് അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്യും
ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് ഈ മാസം പത്തിന് കുവൈത്തിലെത്തും . കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കുവൈത്ത് അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്യും . ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിൽ പ്രശ്നം പ്രധാന വിഷയമാകുമെന്നാണ് സൂചന .
ജനുവരി പതിനൊന്നിനാണു കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അസ്സ്വബാഹ് , തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവരുമായി വിദേശകാര്യ സഹമന്തിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത് . തൊഴിൽ പ്രശ്‌നം രൂക്ഷമായ ഖറാഫി നാഷണൽ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങളാകും കൂടിക്കാഴ്ചയിൽ പ്രധാന വിഷയം , തൊഴിലാളികൾക്കു പിഴ ഒടുക്കാതെ നാട്ടിലേക്ക് പോവാനോ മറ്റ് കമ്പനികളിലേക്ക് ജോലി മാറാന് അവസരമൊരുക്കുകയോ ചെയ്യണമെന്നതാകും ഇന്ത്യയുടെ ഭാഗത്തു നിന്നു അടിയന്തര ആവശ്യമായി ഉന്നയിക്കുക . ജോലിയും ഇഖാമയും ഇല്ലാതെ മാസങ്ങളായി ദുരിതം പേറുകയാണ് ഖറാഫി നാഷനലിലെ രണ്ടായിരത്തില്‍ അധികം ഇന്ത്യന്‍ തൊഴിലാളികൾ.
കഴിഞ്ഞ ഒക്‌ടോബറില്‍ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ മുന്നില്‍ ഖറാഫി തൊഴിലാളികള്‍ നേരിട്ട് വിഷയം ധരിപ്പിച്ചിരുന്നു. പ്രശനത്തിൽ അടിയന്തിരമായി ഇടപെടണമെന്നഭ്യർത്ഥിച്ചു നവംബറിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു . ഇതിന്റെ തുടർച്ചയായാണ് വിദേശ കാര്യ സഹമന്ത്രിയുടെ സന്ദർശനം . വി കെ സിംഗിന്റെ സന്ദർശനത്തോടെയെങ്കിലും പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഖറാഫി തൊഴിലാളികൾ . 2016 സെപ്റ്റംബറിൽ ജനറൽ വി.കെ സിംഗ് കുവൈത്ത് സന്ദർശിച്ചിരുന്നു .