യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നത് നിരോധിച്ചേക്കും

Update: 2018-05-14 19:08 GMT
Editor : admin
യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നത് നിരോധിച്ചേക്കും
Advertising

ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് യുഎഇയില്‍ പൂര്‍ണമായി നിരോധിച്ചേക്കും

ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് യുഎഇയില്‍ പൂര്‍ണമായി നിരോധിച്ചേക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സമാനമായ നിരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ച സജീവമായത്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി ഇടപാട് നടത്തുമ്പോള്‍ ചില സ്ഥാപനങ്ങള്‍ ഇതിന് അധിക ഫീസ് ഈടാക്കുന്നുണ്ട്. ഇത് പൂര്‍ണമായും നിരോധിക്കുന്ന നടപടി പരിഗണനയിലാണെന്ന് സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃകാര്യ ഉന്നത സമിതി വ്യക്തമാക്കി. കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചെറിയ ഫീസ് ഈടാക്കാന്‍ യുഎഇ നിയമപ്രകാരം ബാങ്കുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഈ തുക മൊത്തം ഇടപാട് തുകയുടെ രണ്ട് ശതമാനത്തില്‍ കൂടാന്‍ പാടില്ല. വ്യാപാരികള്‍ ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് സെന്‍ട്രല്‍ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാരണത്താലാണ് നേരത്തേ ആരോഗ്യം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളില്‍ നടത്തുന്ന കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നത് നിരോധിച്ചത്. ഇത് മറ്റു മേഖലയിലും കര്‍ശനമായി നടപ്പാക്കുന്നത് ചര്‍ച്ചചെയ്തുവരികയാണെന്ന് ഉപഭോക്തൃകാര്യ ഉന്നതാധികാര സമിതി ചൂണ്ടിക്കാട്ടി.

സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുടെ നേതൃത്വത്തിലാണ് കൂടിയാലോചന നടന്നത്. എന്നാല്‍ എന്ന് മുതല്‍ നിരോധം നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News