ആരോഗ്യ വാഹന ഇന്‍ഷുറന്‍സ് സേവനം സമയത്ത് നല്‍കണമെന്ന് സൌദി
വാഹനാപകട ഇന്‍ഷുറന്‍സിലെ കാലതാമസം പരിശോധിക്കാന്‍ തഖീം എന്ന പേരില്‍ കമ്മീഷനെ നിയോഗിച്ചു. ഇതിനു പുറമെ ജനറല്‍ കമ്മീഷന്‍ ഇതര പരാതികളും പരിശോധിക്കും
ആരോഗ്യ വാഹന ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍, സൗദിയിലെ കൗണ്‍സില്‍ ഫോര്‍ കോപ്പറേറ്റീവ് ഹെല്‍ത്ത് അതോറിറ്റി നടപടി തുടങ്ങി. വാഹനാപകട ഇന്‍ഷുറന്‍സിലെ കാലതാമസം പരിശോധിക്കാന്‍ തഖീം എന്ന പേരില്‍ കമ്മീഷനെ നിയോഗിച്ചു. ഇതിനു പുറമെ ജനറല്‍ കമ്മീഷന്‍ ഇതര പരാതികളും പരിശോധിക്കും.
സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് കൌണ്‍സിലിന്റെ മുന്നറിയിപ്പ്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് പല കാരണങ്ങള്‍ കാണിച്ച് ഇന്‍ഷുറന്‍സ് അനുവദിക്കുന്നില്ല. ഇത്തരം പരാതികളുടെ എണ്ണം കൂടുന്നുണ്ട്. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കൗണ്‍സില്‍ പറഞ്ഞു. ഇത്തരം പരാതികള്‍ പരിശോധിക്കാനും നടപടികള്‍ വേഗത്തിലാകാനും കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷനും രൂപം നല്‍കി. പരാതികള്‍ക്ക് ഉടനെ പരിഹാരം കാണുന്നതിനാണ് കമ്മീഷന്‍.
വാഹനപകടങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിലും വീഴ്ച വരുന്നതായി കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു. ഇത് പരിഹരിക്കാന്‍ തഖീം എന്ന പേരില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഇലക്രേ്ടാണിക് സര്‍വീസ് വഴി സൗദി അറേബ്യന്‍ മോണിട്ടറി അതോറ്റിയുടെ പരിശോധനക്ക് വിധേയമാകുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇതിനാവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിലാണ്. അടുത്ത മാസത്തോടെ തഖിം പ്രവര്‍ത്തനമാരംഭിക്കും. ഇന്‍ഷുറന്‍സ് ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കൗണ്‍സിലില്‍ പരാതിപ്പെടാം. കൗണ്‍സിലില്‍ നേരിട്ടോ, അഥവാ വെബ്സൈറ്റ് വഴിയോ ആണ് പരാതി രേഖപ്പെടുത്തേണ്ടത്.