പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച് ഒമാന്‍,യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തി

Update: 2018-05-21 18:19 GMT
Editor : Jaisy
പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച് ഒമാന്‍,യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തി
Advertising

കാർഷിക, ഫിഷറീസ്​ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ്​ ബിൻ നാസർ അൽ ബക് രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ്​ അൽ സുവൈദിയുമാണ്​ കൂടിക്കാഴ്ച നടത്തിയത്​

Full View

പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച്​ ഒമാൻ,യു.എ.ഇ അധികൃതർ ചർച്ച നടത്തിയതായി കാർഷിക,ഫിഷറീസ്​ മന്ത്രാലയം അറിയിച്ചു. കാർഷിക, ഫിഷറീസ്​ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ്​ ബിൻ നാസർ അൽ ബക് രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ്​ അൽ സുവൈദിയുമാണ്​ കൂടിക്കാഴ്ച നടത്തിയത്​.

നിരോധത്തിന്റെ വിശദ വിവരങ്ങൾക്ക്​ പുറമെ ഉയർന്ന തോതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലഭിക്കുന്നത്​ സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉയർന്നു. ഉൽപന്നങ്ങളിലെ കീടനാശിനിയുടെ അളവ്​ സംബന്ധിച്ച കണക്കുകൾ 2010 മുതൽ ഇരു രാഷ്ട്രങ്ങളിലെയും മന്ത്രാലയങ്ങൾ പങ്കുവെച്ചുവരുന്നതായി ഡോ.അൽ ബക്​രി ചർച്ചയിൽ ചൂണ്ടികാണിച്ചു. ഇതനുസരിച്ച്​ കൃഷിയിടങ്ങളിൽ പരിശോധന ശക്തമാക്കുകയും അനുബന്ധ മാനദണ്ഡങ്ങൾ കർക്കശമാക്കുകയും ചെയ്തിട്ടുണ്ട്​. ജി.സി.സി രാഷ്​ട്രങ്ങൾ തമ്മിലെ പൊതുധാരണ പ്രകാരവും മറ്റും ഉപയോഗം നിരോധിച്ചതും നിയന്ത്രിത ഉപയോഗം നിലവിലുള്ളതുമായ കീടനാശിനികളെ കുറിച്ചും അംബാസഡർക്ക്​ വിശദീകരിച്ച്​ നൽകി. കീടനാശിനി രജിസ്​ട്രേഷൻ, ലബോറട്ടറി പരിശോധനകൾ തുടങ്ങിയവയുടെ നടപടിക്രമങ്ങളും അംബാസഡർക്ക്​ മനസിലാക്കി നൽകി. ജി.സി.സി രാഷ്​ട്രങ്ങൾ തമ്മിൽ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന കാർഷികോൽപ്പന്നങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനായുള്ള സഹകരണം തുടങ്ങുന്നത്​ സംബന്ധിച്ച ഒമാൻ മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്​ യു.എ.ഇ കാലാവസ്ഥാ, പരിസ്ഥിതികാര്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന്​ അംബാസഡർ പറഞ്ഞു. നിരോധം സംബന്ധിച്ച യു.എ.ഇ മന്ത്രാലയത്തിന്റെ അറിയിപ്പ്​ പുറത്തുവന്ന ശേഷം കാർഷിക,ഫിഷറീസ്​ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ ഒമാനിൽ ഉൽപാദിപ്പിക്കുന്ന 98 ശതമാനം കാർഷിക ഉൽപന്നങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം അന്താരാഷ്​ട്ര തലത്തിൽ അനുവദനീയമായതിലും താഴെയാണെന്ന്​ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കൃഷിതോട്ടങ്ങളിലെയും മറ്റും നിരീക്ഷണം കർക്കശമാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News