ബഹറൈനിലെ പ്രവാസികളുടെ മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ്മ
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അന്വേഷിച്ചറിയാനും പരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായ മാര്‍ഗവുമായി കൂട്ടായ്മകള്‍ രംഗത്ത്.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അന്വേഷിച്ചറിയാനും പരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായ മാര്‍ഗവുമായി കൂട്ടായ്മകള്‍ രംഗത്ത്. ബഹ്റൈനില്‍ കൗണ്‍സലിംഗ് രംഗത്ത് പരിശീലനം നല്‍കി ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരെ ഇതിനായി സജ്ജരാക്കിയിരിക്കുകയാണ് ഇവര്‍.
കൗണ്‍സലിംഗില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച 27 സന്നദ്ധപ്രവര്‍ത്തകരാണിത്. പ്രവാസികളോട് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും അവര്‍ക്ക് സമാശ്വാസം നല്‍കുവാനും ഇനി കര്‍മരംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം. ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷനാണ് പ്രവാസി ഗൈഡന്‍സ് ഫോറത്തിന് കീഴില്‍ ഇവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തൊഴില്‍ പ്രശ്നങ്ങളിലും മാനസിക സംഘര്‍ഷങ്ങളിലും കുരുങ്ങുന്ന പ്രവാസികളുമായി സംവദിക്കാനുള്ള പരിശീലനം പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ ചെയര്‍മാനും പ്രമുഖ മന:ശാസ്ത്രജ്ഞന്‍ ഡോ: ജോണ്‍ പനക്കല്‍ ജോണ്‍ പനക്കലിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് നല്‍കിയത്.
വിവിധ മാനസിക സംഘര്‍ഷങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക എന്നതാണ് പ്രവാസി ഗൈഡന്‍സ് ഫോറവും ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.