മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലില്‍ ചെക്ക്​-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

Update: 2018-05-24 22:04 GMT
മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലില്‍ ചെക്ക്​-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം
Advertising

വിമാനകമ്പനി പ്രതിനിധികളുടെ ബോർഡ്​ രാജ്യത്തെ എല്ലാ ട്രാവൽ ഏജൻറുമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി

പുതിയ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർ ചെക്ക്​-ഇൻ സമയം കർശനമായി പാലിക്കണമെന്ന്​ നിർദേശം. വിമാനകമ്പനി പ്രതിനിധികളുടെ ബോർഡ്​ രാജ്യത്തെ എല്ലാ ട്രാവൽ ഏജൻറുമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. മികച്ച നിലവാരത്തോടെയും ആധുനിക സൗകര്യങ്ങളോടെയും നിർമിച്ചിരിക്കുന്ന പുതിയ വിമാനത്താവളത്തെ 2020 ഓടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിൽ ഒന്നായി ഉയർത്തുകയാണ്​ സർക്കാർ ലക്ഷ്യം.

വിമാനം പുറപ്പെടുന്ന സമയത്തിന്​ മൂന്ന്​ മണിക്കൂർ മുമ്പ്​ റിപ്പോർട്ട്​ ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ്​ എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക്​ ബാധകമാണെന്നും നോട്ടീസിൽ പറയുന്നു. യാത്രക്കാർക്ക്​ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്​ ഒപ്പം വിമാനങ്ങൾ സമയത്തിന്​ പുറപ്പെടുന്നുവെന്ന്​ ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ്​ ഇൗ തീരുമാനമെന്ന്​ ബോർഡ്​ ചെയർമാൻ ഡോ. അബ്​ദുൽ റസാഖ്​.ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ്​ പു​തിയ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുക. വൈകുന്നേരം 5.30നാണ്​ പുതിയ ടെർമിനലിൽ ആദ്യ വിമാനമിറങ്ങുക.

ഇറാഖിലെ നജഫിൽ നിന്നുള്ള വിമാനമാണ്​ ആദ്യം ഇറങ്ങുക. ന്യൂദൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന്​ ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്​, റിയാദ്​ എന്നിവിടങ്ങളിലേക്കാണ്​ പുതിയ ടെർമിനലിൽ നിന്ന്​ ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക്​ 2.45ന്​ സൂരിച്ചിലേക്കുള്ള സർവീസാകും നിലവിലെ ടെർമിനലിൽ നിന്നുള്ള അവസാനത്തെ സർവിസ്​. 335,000 സ്​ക്വയർ ഫീറ്റ്​ വിസ്​തൃതിയുള്ള പുതിയ ടെർമിനലിൽ ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.ടെർമിനൽ ഉദ്​ഘാടനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ നടന്നുവരുകയാണ്​. ജീവനക്കാർക്ക്​ വേണ്ട പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ജീവനക്കാരെയും മസ്​കത്തിലെത്തിച്ചിട്ടുണ്ട്​.

Tags:    

Similar News