കുവൈത്തില്‍ പ്രതിപക്ഷ അംഗത്തിന് എംപി സ്ഥാനം നഷ്ടമായി
കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച കോടതി നാലാം മണ്ഡലത്തിലെ തോറ്റ സ്ഥാനാര്‍ഥി ഫര്‍റാജ് അല്‍ അര്‍ബീദ് നല്‍കിയ പരാതിയില്‍ അനുകൂലമായി വിധി പറയുകയും അദ്ദേഹത്തെ എംപിയായി പ്രഖ്യാപിക്കുകയും ചെയ്തു...
കുവൈത്ത് പാര്‍ലിമെന്റിലെ പ്രതിപക്ഷ അംഗത്തിന് കോടതി വിധിയിലൂടെ എം പി സ്ഥാനം നഷ്ടമായി. നാഷണല്‍ അസംബ്ലിയില്‍ നാലാം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മര്‍സൂഖ് അല്‍ ഖലീഫക്കാണ് ഭരണഘടനാകോടതി വിധിയെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായത്. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ഥി ആയിരുന്ന ഫര്‍റാജ് അല്‍ അര്‍ബീദിനെ നാലാം മദാലത്തില്‍ നിന്നുള്ള എംപിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
ബുധനാഴ്ച ചേര്‍ന്ന ഭരണഘടനാ കോടതിയാണ് രാജ്യത്തു പുതിയ രാഷ്ട്രീയ വിവാദത്തിനു കാരണമായേക്കാവുന്ന വിധി പ്രസ്താവിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച കോടതി നാലാം മണ്ഡലത്തിലെ തോറ്റ സ്ഥാനാര്‍ഥി ഫര്‍റാജ് അല്‍ അര്‍ബീദ് നല്‍കിയ പരാതിയില്‍ അനുകൂലമായി വിധി പറയുകയും അദ്ദേഹത്തെ എംപിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് നാലാം മണ്ഡലത്തില്‍ നിന്നും നേരത്തെ ജയിച്ചു കയറിയ മര്‍സൂഖ് അല്‍ ഖലീഫയുടെ പാര്‍ലമെന്റ് അംഗത്വം അസാധുവായത്.
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് 10 പരാതികളും പാര്‍ലമെന്റിനെ അസാധുവാക്കണമെന്നാവശ്യപ്പെട്ട് 42 പരാതികളുമാണ് കോടതിയുടെ വന്നത്. ഇതില്‍ ഫറാജ് അല്‍ അറബീദിന്റെ ഒഴികെയുള്ള പരാതികള്‍ കോടതി തള്ളുകയായിരുന്നു.