ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് ഒരുങ്ങി റിയാദ്

Update: 2018-05-27 07:31 GMT
Editor : admin
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് ഒരുങ്ങി റിയാദ്
Advertising

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അര്‍ദ്ധ വര്‍ഷ ഉച്ചകോടിക്ക് സൗദി തലസ്ഥാന നഗരി ഒരുങ്ങുന്നു

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അര്‍ദ്ധ വര്‍ഷ ഉച്ചകോടിക്ക് സൗദി തലസ്ഥാന നഗരി ഒരുങ്ങുന്നു. വ്യാഴാഴ്ച റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാരോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പങ്കെടുക്കും. ഉച്ചകോടിയുടെ മുന്നോടിയായി ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച റിയാദില്‍ സമ്മേളിക്കും.

ഗള്‍ഫ്, മധ്യപൗരസ്ത്യ മേഖല നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ ജി.സി.സി ഉച്ചകോടി ചര്‍ച്ച ചെയ്യും. ഐ.എസ് തീവ്രവാദ ഭീഷണിയെ നേരിടുന്നതിലെ ആസൂത്രിത നീക്കം, മേഖലയിലെ ചില രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ഇറാന്റെ ഇടപെടല്‍, ഇറാന്‍ ആണവ കരാര്‍, യമന്‍, ഇറാഖ്, സിറിയ തുടങ്ങിയ ജി.സി.സി അയല്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ഭീഷണിയും, ഹിസ്ബുല്ലയുടെ സ്വാധീനം എന്നിവ ഉച്ചകോടിയുടെ മുഖ്യ അജണ്ടയായിരിക്കും. എണ്ണ വിലയിടിയിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള എണ്ണ ഇതര വരുമാനത്തെക്കുറിച്ചും
ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ഉച്ചകോടിയുടെ മുന്നോടിയായി ജി.സി.സി വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും വേറിട്ട് റിയാദില്‍ ഒത്തുചേരും.

ഏപ്രില്‍ 21ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആറ് രാജ്യങ്ങളിലെയും രാഷ്ട്രനായകന്മാര്‍ റിയാദിലത്തെുമെന്നാണ്
പ്രതീക്ഷിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഉച്ചകോടിക്ക് എത്താന്‍ സാധ്യതയില്ലെങ്കിലും അദ്ദേഹത്തെ പ്രതിനിധീകരിച്ച് ഒമാനിലെ ഉന്നത നേതാക്കള്‍ റിയാദ് ഉച്ചകോടിയില്‍ സംബന്ധിക്കും. സല്‍മാന്‍ രാജാവ് ആതിഥ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സംബന്ധിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ ഒരു ദിവസം മുന്‍പ് റിയാദിലെത്തുന്ന ഒബാമ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ബുധനാഴ്ച പ്രത്യേകം കൂടിക്കാഴ്ച നടത്തും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News