അഗ്നിശമന സംവിധാനങ്ങളില്‍ കാലോചിത മാറ്റം വേണമെന്ന് അബൂദബിയിലെ വിദഗ്ധര്‍
പുതിയ വെല്ലുവിളികള്‍ നേരിടാന്‍ അഗ്നിശമന വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച ഏകോപനം ആവശ്യമാണെന്ന് അബൂദബിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു.
അഗ്നിശമന സംവിധാനങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ അഗ്നിശമന വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും അബൂദബിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു.
തീപിടിത്തം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ലോകത്തുടനീളം അഗ്നിശമന സേനാ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയാണ് അബൂദബി സെമിനാറില്‍ പ്രധാനമായും ഉയര്‍ന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഏകോപനം രൂപപ്പെടണമെന്ന് യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. അഗ്നിശമന രംഗത്തെ നവീനരീതികള്‍ സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുവല്‍സര നാളില്‍ ദുബൈ അഡ്രസ് ഹോട്ടലില്‍ ഉണ്ടായ അഗ്നിബാധ നിയന്ത്രിക്കാന്‍ സാധിച്ചത് യു.എ.ഇ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ പ്രാപ്തിയുടെ തെളിവാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സെമിനാറിന്‍രെ ഭാഗമായി ദേശീയ അഗ്നിശമന പ്രതിരോധ അസോസിയേഷനും യു.എ.ഇ സിവില്‍ ഡിഫന്‍സ് വിഭാഗവും തമ്മില്‍ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര തലത്തില്‍ അക്രഡിറ്റേഷന്‍ ലഭിച്ച യു.എ.ഇ സിവില്‍ ഡിഫന്‍സ് പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലെ സിവില്‍ ഡിഫന്‍സ് വിഭാഗം സാരഥികളും സെമിനാറില്‍ സംബന്ധിച്ചു.