കുവൈത്തിൽ താമസ രേഖകൾ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാരെ പെട്ടെന്നു നാട്ടിലെത്തിക്കും: വികെ സിംഗ്
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത്
കുവൈത്തിൽ താമസ രേഖകൾ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാരെ പെട്ടെന്നു നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ്.ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത് . റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റിനെ ഒരാഴ്ചക്കുള്ളിൽ കുവൈത്തിലേക്ക് അയക്കുമെന്നും വി.കെ സിംഗ് പറഞ്ഞു.
തികച്ചും സൗഹൃദപരം എന്ന ആമുഖത്തോടെയാണ് വി.കെ സിംഗ് തന്റെ സന്ദർശനത്തെ കുറിച്ച് വിശദീകരിച്ചു തുടങ്ങിയത്. വിദേശ കാര്യ മന്ത്രി , വിദേശ കാര്യ സഹമന്ത്രി .തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പ്രശനങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് . താമസ രേഖകൾ ഇല്ലാത്ത 29000 ത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കുന്ന കാര്യത്തിൽ കുവൈത്ത് ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ആണ് പ്രതീക്ഷിക്കുന്നത് . പൊതു മാപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുവൈത്തിന്റെ അധികാര പരിധിയിൽ പെടുന്നതാണെന്നും അതാതു രാജ്യത്തെ നിയമങ്ങളെ മറികടന്നു ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു .
വൈകിട്ട് എംബസിയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റിംഗിലും മന്ത്രി പങ്കെടുത്തു .