ഇന്ന് ഹജ്ജിന്റെ അഞ്ചാം ദിനം; കര്‍മങ്ങള്‍ തീര്‍ത്ത് ഹജ്ജിനോട് വിടപറയുകയാണ് ഹാജിമാര്‍
കാത്തിരുന്നു കിട്ടിയ ഹജ്ജ് കാലത്താല്‍ ശുദ്ധമായി വിടവാങ്ങുകയാണ് ഹാജിമാര്
ഹജ്ജിന്റെ അഞ്ചാം ദിനമായ ഇന്ന് കര്‍മങ്ങള്‍ തീര്‍ത്ത് ഹജ്ജിനോട് വിടപറയുകയാണ് ഇന്ത്യക്കാരടക്കം പകുതിയിലേറെ ഹാജിമാര്‍. മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ച ശേഷമാണ് വികാര നിര്‍ഭരമായ വിടവാങ്ങല്‍. നാളെയാണ് ഹജ്ജിന്റെ സമാപനം.
കാത്തിരുന്നു കിട്ടിയ ഹജ്ജ് കാലത്താല്‍ ശുദ്ധമായി വിടവാങ്ങുകയാണ് ഹാജിമാര്‍. മിനാ താഴ്‍വരയിലെ ഓരോ തമ്പിലുമുണ്ട് നെടുവീര്‍പ്പുകള്‍. സ്വയം ശുദ്ധീകരിച്ച് പുതു ജന്മമായി മടങ്ങുകയാണ് ഓരോ ഹാജിയും. ഉള്ളം നിറഞ്ഞു കവിഞ്ഞ പ്രാര്‍ഥനകളുണ്ടായിരുന്നു നാടിന്.
കഅ്ബയിലെത്തി വിടവാങ്ങല്‍ പ്രദിക്ഷിണം നടത്തിയാണ് ഹാജിമാരുടെ മടക്കം. ദുല്‍ഹജ്ജ് പതിമൂന്ന് അഥവാ നാളെയാണ് ഹജ്ജിന്റെ സമാപനം. എങ്കിലും പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് കര്‍മം നടത്തി സൂര്യാസ്തമയത്തിന് മുന്പ് ഹാജിമാര്‍ക്ക് ഇന്ന് ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിക്കാം. ഇതിനാല്‍ പത്ത് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇന്ന് മിനയോട് വിടപറയുന്നത്. തൃപ്തരാണ് ഹജ്ജിനൊടുവില്‍ ഹാജിമാര്‍. ആഭ്യന്തര തീര്‍ഥാടകര്‍ മടക്കയാത്രയിലാണ്. വിദേശ തീര്‍ഥാടകര്‍ മദീനയിലേക്ക് സന്ദര്‍ശനത്തിന് പോകും. ഈ മാസം 27 മുതലാണ് ഇന്ത്യന്‍ ഹാജിമാരുടെ മടക്കം. ഇന്ത്യക്കാരടക്കം ബാക്കിയുള്ള ഭൂരിഭാഗം ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ നാളെ അവസാനത്തെ കല്ലേറ് നടത്തും.