ഹൂതി വിമതരുമായി സമാധാന ശ്രമങ്ങള്‍ സജീവമാക്കി യു.എന്‍
വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് ഇത്ര സജീവമായി യു.എന്‍ ഇടപെടുന്നത് ആദ്യമാണ്
യമനിലെ ഹുദൈദയില്‍ ഏറ്റുമുട്ടല്‍ കനക്കുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും യുഎന്‍ ശ്രമം. ജനീവയില്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനായി ഹൂതികളുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പു വെച്ചിരുന്നു. വിഷയത്തില്‍ യുഎന്‍ സജീവമായി ഇടപെടുന്നത് ആദ്യമാണ്.
ചര്‍ച്ചകള്‍ക്ക് നിരവധി തവണ ശ്രമിച്ചിരുന്നു ഐക്യരാഷ്ട്ര സഭ. എല്ലാം പല കാരണങ്ങളാല്‍ പൊളിഞ്ഞു. അവസാനത്തെ ശ്രമമായിരുന്നു ജനീവയില്‍ വിളിച്ചു ചേര്‍ത്ത യോഗം. യമന്‍ സര്‍ക്കാര്‍ ചര്‍ച്ചക്കെത്തി. ഹൂതികള്‍ പക്ഷേ പിന്മാറി. മൂന്ന് ഉപാധികള്‍ അംഗീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പരിക്കേല്‍ക്കുന്ന ഹൂതികളെ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗം കാണണം, വിദേശത്ത് ചര്‍ച്ചക്കെത്താന്‍ പ്രത്യേക വിമാനം ഹൂതികള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും, ചര്‍ച്ചക്കായെത്തുന്നവരെ പിടികൂടരുതെന്നും എന്നിവയായിരുന്നു അത്.
ഇത് പാലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാട് ഹൂതികള്‍ ആവര്‍ത്തിച്ചു. ഇതോടെ യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നേരിട്ട് യമനിലെത്തി. പരിക്കേല്‍ക്കുന്ന ഹൂതികളെ ആശുപ്ത്രിയിലെത്തിക്കാന്‍ കരാറും ഉണ്ടാക്കി. യമനില്‍ ചര്‍ച്ച നടന്നാല്‍ ബാക്കിയുള്ള ഉപാധികള്‍ ഹൂതികള്‍ പ്രശ്നമാക്കില്ലെന്ന് ഐക്യരാഷ്ട്ര സഭ കണക്ക് കൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറുമായും ഹൂതി വിമതരുമായും പ്രത്യേകം ചര്‍ച്ച നടത്തും.
വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് ഇത്ര സജീവമായി യു.എന്‍ ഇടപെടുന്നത് ആദ്യമാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും ഇത് ചൂണ്ടിക്കാട്ടുന്നു.