ഇന്ത്യയിലെ ടൂറിസം മേഖല ഒരു വർഷം കൊണ്ട് വൻ വളർച്ച കൈവരിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം
ആഗോള തലത്തിൽ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം ഏഴ് ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ കൈവരിച്ച വളർച്ച 14 ശതമാനം
ഇന്ത്യയിലെ ടൂറിസം മേഖല ഒരു വർഷം കൊണ്ട് വൻ വളർച്ച കൈവരിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയപ്പോൾ പ്രവാസികളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തിൽ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം ഏഴ് ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ കൈവരിച്ച വളർച്ച 14 ശതമാനമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവാസികളോട് സംസാരിക്കവെ, വേൾഡ് ടൂറിസം ട്രാവൽസ് ആന്‍റ് കൗൺസിലിൻറെ പുതിയ റാങ്കിങ്ങിൽ മൂന്നാമതെത്താൻ ഇന്ത്യക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആഗോള ടൂറിസത്തിൽ നിന്നുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് ഈ രംഗത്ത് അഞ്ചിരട്ടി വരുമാനം ഉണ്ടായതായും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ടൂറിസത്തിൽ നിന്നുള്ള വരുമാനം വർധിച്ചത് അഞ്ചു ശതമാനമാണെങ്കിൽ ഇന്ത്യയുടെ വരുമാനം കൂടിയത് പത്തൊമ്പത് ശതമാനമാണ്. എന്നാൽ കൈവരിച്ച നേട്ടത്തിൽ താൻ സന്തുഷ്ടനാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം. ടൂറിസം മേഖലയിൽ ഇനിയും രാജ്യത്തിന് ഒരു പാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നിരവധി സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അന്താരാഷ്ട്ര ടൂറിസം റാങ്കിങ്ങിൽ ചൈനക്കും അമേരിക്കക്കും തൊട്ടടുത്ത സ്ഥാനം നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം രാജ്യത്തിനുണ്ടായി. ഇൌ വരുമാനം ഇന്ത്യൻ ജി.ഡി.പിയുടെ ഒമ്പതു ശതമാനം വരുമെന്നും അൽ ഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ നൽകിയ സ്വീകരണപരിപാടിക്ക് പ്രസിഡൻ്റ് പി.വി രാധാകൃഷ്ണപിള്ള, സോമൻ ബേബി തുടങ്ങിയവർ നേത്യത്വം നൽകി