Editor - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
യു എ ഇയിലെ മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് പത്ത് വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. 16 വര്‍ഷമായി യുഎഇയിലെ ആയുര്‍വേദമേഖലയില്‍ പ്രവർത്തിക്കുന്ന ഡോ. ഷമീമയുടെ ഈരംഗത്തെ സംഭാവനകളെ ആദരിച്ചാണ് അജ്‌മാൻ എമിഗ്രേഷൻ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്. അജ്മാൻ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ വിഭാഗം മേധാവിയാണ് ഡോ. ഷമീമ.
നേരത്തേ കേരളത്തിലും, ഡല്‍ഹി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ചരിത്രകാരൻ ഡോ. മുസ്തഫ കമാല്‍ പാഷയുടെയും, പ്രഫ. ഹബീബ പാഷയുടെയും മകളായ ഷമീമ, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിനിയാണ്. മീഡിയ വണ്‍ ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവിയായ എം.സി.എ നാസറിന്റെ ഭാര്യയാണ്. മക്കള്‍: അഫ്‌നാന്‍, ലിയാന്‍, മിന്‍ഹ, മിദ്ഹ.
ഗള്‍ഫ് മേഖലയില്‍ ആയുര്‍വേദത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് തന്റെ നേട്ടമെന്ന് ഡോ. ഷമീമ അബ്ദുല്‍ നാസര്‍ പറഞ്ഞു.യുഎഇയിലെ പത്ര, ദൃശ്യ, റേഡിയോ മാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ് ഡോ. ഷമീമ. ടിവി, റേഡിയോ ടോക്ക് ഷോകളില്‍ ആരോഗ്യ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം, വിവിധ ദിനപത്രങ്ങളില്‍ ലേഖനങ്ങളും എഴുതുന്നു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ വിഷയങ്ങളില്‍ സംവദിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഡോക്ടര്‍ ഷമീമ, യുഎഇയിലെ ആയുര്‍വേദ രംഗത്തെ സുപരിചിത സാന്നിധ്യമാണ്. ആതുര സേവന രംഗത്തെ മികവിന് പ്രവാസ ലോകത്തെ നിരവധി പുരസ്‌ക്കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്നാണ് ബിഎഎംഎസ് പൂര്‍ത്തിയാക്കിയത്. പിഎസ്എംഒ കോളേജ് തിരൂരങ്ങാടിയില്‍ നിന്നും കോളേജ് പ്രീഡിഗ്രിയും, തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.