വാറ്റ് നിയമം ലംഘിച്ച 40 സ്ഥാപനങ്ങൾക്കെതിരെ നടപടി
അഞ്ച് വർഷം വരെ തടവും വാറ്റ് സംഖ്യയുടെ മൂന്നിരട്ടി പിഴയുമാണ് ഇത്തരം കേസുകളിലെ ശിക്ഷ
ബഹ്റൈനിൽ വാറ്റ് നിയമം ലംഘിച്ച 40 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. വാറ്റ് വർധന നടപ്പാക്കിയ ശേഷം വിവിധ ഗവർണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തിയിരുന്നു.
വാറ്റ് 10 ശതമാനമായി വർധിപ്പിച്ചത് മാറ്റം വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ഉപഭോക്താക്കളുടെ താൽപര്യവും രാജ്യത്തെ വ്യാപാര നിയമവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടികൾ. 10,000 വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് വാറ്റ് നിയമ ലംഘനം. ചില സ്ഥാപനങ്ങൾ വാറ്റ് തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു.
അഞ്ച് വർഷം വരെ തടവും വാറ്റ് സംഖ്യയുടെ മൂന്നിരട്ടി പിഴയുമാണ് ഇത്തരം കേസുകളിൽ ശിക്ഷയുണ്ടാവുക. വാറ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ച് മുന്നോട്ടു പോവാൻ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി. വാറ്റ് നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ 80008001 എന്ന നമ്പരിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും മന്ത്രലായം അറിയിച്ചു.