നയതന്ത്ര മേഖലയിൽ ബഹ്റൈൻ മുന്നേറ്റം നടത്തിയതായി വിലയിരുത്തൽ
നയതന്ത്ര മേഖലയിൽ ബഹ്റൈൻ വലിയ മുന്നേറ്റം നടത്തിയതായി കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് കഴിഞ്ഞ 50 വർഷത്തിനിടയിൽ നയതന്ത്ര മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം വിലയിരുത്തിയത്.
ലോകത്തെ വിവിധ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അവ ഉത്തരോത്തരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നയനിലപാടുകൾക്ക് ശ്രദ്ധേയ പങ്കുണ്ട്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സ്ഥാനമുറപ്പിക്കാൻ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി.
സുരക്ഷയും വളർച്ചയും എന്നതാണ് ബഹ്റൈന്റെ നയതന്ത്ര ബന്ധത്തിന്‍റെ അടിസ്ഥാനം. എല്ലാ വർഷവും ജനുവരി 14 ബഹ്റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യക്തിത്വങ്ങൾക്കും കാബിനറ്റ് ആശംസകൾ അറിയിച്ചു.