സ്വീഡനിൽ വിശുദ്ധ ഖുർആൻ നശിപ്പിച്ചതിനെ ബഹ്റൈൻ അപലപിച്ചു
Update: 2023-07-25 01:46 GMT
സ്വീഡനിൽ വിശുദ്ധ ഖുർആൻ കോപ്പി പിച്ചിച്ചീന്തിയ നടപടിയെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ് സംഭവം. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന്‍റെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും വളർത്തുകയും ചെയ്യുന്ന അപമാനകരമായ പ്രവർത്തനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മാനവികതക്കും വിവിധ മത മൂല്യങ്ങൾക്കും എതിരായ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തീവ്രഗ്രൂപ്പുകളിൽ പെട്ടവരെ വിശുദ്ധ ഖുർആനെ അപമാനിക്കാൻ അനുവദിക്കുന്നത് സമൂഹത്തിൽ കുഴപ്പവും വംശീയതയും വ്യാപിപ്പിക്കാനിടയാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.